ജനുവരി രണ്ട് മുതല്‍ യു.എ.ഇയില്‍ പുതിയ ചെക്ക് നിയമം പ്രാബല്യത്തിലായി. ഫലത്തില്‍ ഇത് ചെക്കിന്റെ സുതാര്യത വര്‍ധിപ്പിക്കുന്ന നിയമമാണ്.എന്നാല്‍, സിവില്‍ നിയമം കൂടുതല്‍ കര്‍ക്കശമാക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തത്. പുതിയ നിയമപ്രകാരം മതിയായ തുകയില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമല്ല.ചെക്ക് കേസിന്റെ സിവില്‍ നടപടികള്‍ എളുപ്പത്തിലാകും എന്ന് മാത്രമല്ല, ചെക്ക് നല്‍കിയയാളുടെ അക്കൗണ്ടിലെ തുക ഭാഗികമായി പിന്‍വലിക്കാനുള്ള അവസരവും പരാതിക്കാരന് നല്‍കുന്നുണ്ട്. ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റിയെന്ന് കേട്ടതോടെ ചെക്കുകേസുകാര് ആശ്വാസത്തിലായിരുന്നു.
എന്നാല്‍, ചെക്കില്‍ വ്യാജ ഒപ്പിടുന്നത് പോലുള്ള വഞ്ചന കുറ്റങ്ങള്‍ ക്രിമിനല്‍ കേസിന്റെ പരിധിയില്‍ വരും. പഴയ നിയമം അനുസരിച്ച് ചെക്കില്‍ രേഖപ്പെടുത്തിയ തുക പൂര്‍ണമായും അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ മാത്രമെ പണം പിന്‍വലിക്കാന്‍ കഴിയൂ. എന്നാല്‍, ഭേദഗതി അനുസരിച്ച് അക്കൗണ്ടില്‍ മുഴുവന്‍ തുകയുമില്ലെങ്കില് ഉള്ള പണം പിന്‍വലിക്കാം.
തുടര്‍ച്ചയായി ചെക്ക് മടങ്ങുന്ന കമ്ബനികള്‍ക്ക് വീണ്ടും ചെക്ക് ബുക്ക് നല്‍കുന്നത് വിലക്കും. ശിക്ഷ നടപടികളിലും മാറ്റമുണ്ട്. നേരത്തെ, ചെക്ക് കേസുകളില്‍ തുകയുടെ വലുപ്പത്തിനനുസരിച്ച് തടവോ പിഴയോ ആയിരുന്നു ശിക്ഷ. എന്നാല്‍, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍, ജപ്തി പോലുള്ളവയാണ് ഇനി മുതല്‍ ആദ്യം ശിക്ഷയായി പരിഗണിക്കുക.
ഇത് നടക്കാത്ത സാഹചര്യത്തിലാണ് ജയില്‍ ശിക്ഷയും യാത്രാവിലക്കും വിധിക്കുക. ചെക്ക് കേസുകള്‍ ക്രിമിനല്‍ കേസിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയെങ്കിലും സിവില്‍ കേസിലൂടെ കടുത്ത നടപടികള്‍ നേരിടേണ്ടി വരുന്ന രീതിയിലാണ് പുതിയ നിയമ ഭേദഗതി.നേരത്തെ വിവിധ നടപടിക്രമങ്ങള്‍ക്ക് ശേഷമായിരുന്നു എക്സിക്യൂഷനിലേക്ക് പോകുന്നത്. എന്നാല്‍, ഇനിമുതല്‍ ആദ്യം തന്നെ നിശ്ചിത ഫീസും മതിയായ രേഖകളോടുംകൂടി എക്സിക്യൂഷന് കോടതിയെ സമീപിക്കാം.