ജുബൈല്‍: അറബി ഭാഷാപഠനവും അധ്യാപന രീതികളും മെച്ചപ്പെടുത്താന്‍ സൗദിയില്‍ നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നു.ആധുനിക ജീവിതത്തില്‍ സാങ്കേതികവിദ്യകളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണിത്. ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അറബി ഭാഷ പഠിക്കാനും ഉപയോഗിക്കാനും സഹായിക്കുന്നതിന് നിഘണ്ടുകളുടെയും പ്രോഗ്രാമുകളുടെയും വികസനത്തില്‍ സഹായിക്കുകയാണ് നിര്‍മിത ബുദ്ധി ചെയ്യുന്നത്.
കിങ് സല്മാന് ഗ്ലോബല്‍ അക്കാദമി ഫോര്‍ അറബിക് ലാംഗ്വേജിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനും ആവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ വിതരണം ചെയ്യുക എന്നിവയിലൂടെ അക്കാദമിയെ ആഗോള റഫറന്‍സ് റിസോഴ്സായി മാറ്റുകയാണ് ലക്ഷ്യം. വിഷന്‍ 2030ന്റെ മനുഷ്യശേഷി വികസന പരിപാടിയുടെ അനുബന്ധമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഭാഷകള്‍ പഠിപ്പിക്കുന്നതിലും പഠിക്കുന്നതിലും നിര്‍മിത ബുദ്ധി ഒരു പ്രധാന സഹായിയായി മാറിക്കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ അറബി പഠിക്കാന്‍ അനുവദിക്കുന്ന ഒന്നിലധികം പഠന പാറ്റേണുകള്‍ ഉള്‍പ്പെട്ടതാണ് അല്‍-വാഷ്മി ആപ്ലിക്കേഷന്‍.അറബി ഭാഷയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ സാങ്കേതിക ഗവേഷണത്തിന്റെ വേഗം ത്വരിതപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അക്കാദമിയുടെ തന്ത്രത്തിന്റെ ഭാഗമാണ്.
ഓരോ വിദ്യാര്‍ഥിയുടെയും പഠനാനുഭവം അവരുടെ പ്രത്യേക ആവശ്യങ്ങള്‍ക്ക് അനുകൂലമാക്കാനും ബലഹീനതകള്‍ കണ്ടെത്തി ശക്തിപ്പെടുത്താനും നിര്‍മിത ബുദ്ധി സഹായിക്കുമെന്ന് കിങ് സല്മാന് ഗ്ലോബല്‍ അക്കാദമി ഫോര്‍ അറബിക് ലാംഗ്വേജ് സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ വാഷ്മി പറഞ്ഞു. സ്മാര്‍ട്ട് ഡയലോഗ് സംവിധാനങ്ങളിലൂടെ സംസാരിക്കുന്നതിനും കേള്‍ക്കുന്നതിനുമുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ നിര്‍മിത ബുദ്ധി സഹായിക്കും.
കിംവദന്തികള്‍, വിദ്വേഷ സംഭാഷണങ്ങള്‍ എന്നിവ തിരിച്ചറിയുക, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, മറ്റു ഭാഷ മേഖലകള്‍ പര്യവേക്ഷണം ചെയ്യുക എന്നിവയൊക്കെ ഇതിലൂടെ സാധിക്കുന്നു. അറബി ഭാഷ കൂടുതല്‍ ആവേശകരവും ആസ്വാദ്യകരവുമാക്കുന്നതിന് വെര്‍ച്വല്‍ ലോകം ധാരാളം അവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.