ദുബൈ:കഴിഞ്ഞ വര്‍ഷം നടന്നത് 300 ശതകോടി ദിര്‍ഹമിൻറെ ഇടപാടുകള്‍. 84,772 ഇടപാടുകളാണ് നടന്നതെന്ന് ദുബൈ ലാന്‍ഡ് ഡിപാര്ട്ട്മെന്റിൻറെ വാര്‍ഷിക കണക്കില്‍ പറയുന്നു. 2020നെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തില്‍ 65 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കോവിഡിനിടയിലും ദുബൈ തലയുയര്‍ത്തി നിന്നുവെന്നതിൻറെ സൂചനയാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക ഉത്തേജന പാക്കേജും നല്കിയ മാര്‍ഗനിര്‍ദേശങ്ങളുമാണ് ഈ നേട്ടത്തിന് കാരണം.തുകയില്‍ 71 ശതമാനത്തിൻറെ വളര്‍ച്ചയും കാണുന്നു. 52,415 നിക്ഷേപകര്‍ 72,207 നിക്ഷേപം നടത്തി. 148 ശതകോടി ദിര്‍ഹമിൻറെ നിക്ഷേപമാണ് 2021ല്‍ നടന്നത്. 2020നെ അപേക്ഷിച്ച് 100 ശതമാനം വളര്‍ച്ചയാണിത്.
11 ശതകോടി ദിര്‍ഹം മൂല്യമുള്ള 35 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായി. 319 എണ്ണത്തിൻറെ നിര്‍മാണം പുരോഗമിക്കുന്നു. 602,714 ഇജാരി കരാറുകള്‍ രജിസ്റ്റര്‍ ചെയ്തു. 6168 റിയല്‍ എസ്റ്റേറ്റ് പെര്‍മിറ്റുകള്‍ നല്കി. 18.2 ശതകോടി ദിര്‍ഹം മൂല്യം വരുന്ന 8030 വില്ലകള്‍ വിറ്റു. 3230 റിയല്‍ എസ്റ്റേറ്റ് ലൈസന്‍സുകള്‍ നല്കി.
ജീവിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച നഗരമാക്കി ദുബൈയെ മാറ്റണമെന്ന യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിൻറെ നിര്‍ദേശത്തിൻറെ വിജയമാണിതെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പറഞ്ഞു.
ഭാവിയെ കുറിച്ച് ദുബൈക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നിക്ഷേപങ്ങളുടെ എണ്ണത്തില്‍ 73.7 ശതമാനവും നിക്ഷേപകരുടെ എണ്ണത്തില്‍ 65.6 ശതമാനവും വളര്‍ച്ചയുണ്ട്. ജി.സി.സിയിലെ 6897 നിക്ഷേപകര്‍ 8826 നിക്ഷേപങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 16.88 ബില്യണ്‍ വരും ഇതിൻറെ മൂല്യം. 38,318 വിദേശ നിക്ഷേപകരാണ് ഈ വര്‍ഷം എത്തിയത്. ഇവര്‍ 51553 നിക്ഷേപങ്ങള്‍ നടത്തി.