മുംബൈ: ഡിസംബറില്‍ രാജ്യത്തെ സേവനമേഖലയുടെ വളര്‍ച്ച നാമമാത്രമായി.ഐഎച്ച്എസ് മാര്‍ക്കറ്റിന്റെ ഡിസംബറിലെ സര്‍വീസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക 55.5 പോയിന്റിലെത്തി.സൂചിക 50 കടക്കുന്നതു വളര്‍ച്ചയെയും 50 ല്‍താഴെ പോകുന്നതു തളര്‍ച്ചയെയുമാണ് അടയാളപ്പെടുത്തുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗം ഡിസംബറില്‍ വളര്‍ച്ച പ്രകടിപ്പിച്ചപ്പോള്‍ കയറ്റുമതി സേവനരംഗം പിന്നോട്ടുപോയി.
കഴിഞ്ഞ സെപ്റ്റംബര്‍ മുതലുള്ള മാസങ്ങളിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിലയാണിത്. നവംബറില്‍ സൂചിക 58.1 പോയിന്റിലായിരുന്നു.ഡിമാന്‍ഡില്‍ വലിയ വര്ധനവുണ്ടായിരുന്നെങ്കിലും ഒമിക്രോണ്‍ ആശങ്കയാണു സേവനമേഖലയുടെ കുതിപ്പിനു വിനയായത്.
സേവന സ്ഥാപനങ്ങള്‍ നിരവധി തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചതിനും ഡിസംബര്‍ സാക്ഷിയായി. വിലക്കയറ്റം രൂക്ഷമായതിനെത്തുടര്‍ന്നുണ്ടായ ഉയര്‍ന്ന ഉത്പാദനച്ചെലവ് നേരിടാനാണു പല സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണു വിലയിരുത്തല്‍. റിക്രൂട്ടിംഗ് തോതും മുന്‍ മാസങ്ങളെ അപേക്ഷിച്ചു ഡിസംബറില്‍ കുറവായിരുന്നു.