അബുദാബി :അബുദാബി ഹോള്‍ഡിങ് കമ്പനി (എ.ഡി.ക്യു)യുടെ ആരോഗ്യപരിചരണ സ്ഥാപനങ്ങളെ ആല്‍ഫ ദബിയുടെ പ്യൂര്‍ ഹെല്‍ത്ത് മെഡിക്കല്‍ സപ്ലൈസുമായി ലയിപ്പിക്കുന്നു.ആഗോളതലത്തില്‍ വ്യാപിപ്പിക്കാനുള്ള അവസരങ്ങള്‍ പ്യൂര്‍ ഹെല്‍ത്ത് പരിശോധിക്കുമെന്നും കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് യു.എ.ഇയില്‍ തങ്ങളുടെ വിജയഗാഥ തുടരുമെന്നും ആല്‍ഫ ദബി ചെയര്മാന് മുഹമ്മദ് അല്‍ റുമൈതി കൂട്ടിച്ചേര്‍ത്തു.
അബുദാബി ഹെല്‍ത്ത് സര്‍വിസസ് കമ്പനിയും (സേഹ) നാഷനല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുമായി (ദമാന്‍) ലയിച്ച് ‘പ്യൂര്‍ ഹെല്‍ത്ത്’ എന്ന പേരില്‍ പ്രവര്‍ത്തിക്കുമെന്ന് ആല്‍ഫ ദബി ഓഹരികള്‍ വ്യാപാരം ചെയ്യുന്ന അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനു നല്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ബൃഹത്തായ ആരോഗ്യ പരിചരണ സ്ഥാപനമായി ‘പ്യൂര്‍ ഹെല്‍ത്ത്’ മാറും. രാജ്യത്തിന്റെയും നിക്ഷേപകരുടെയും മൂല്യത്തിന് വില നല്കുന്ന അന്താരാഷ്ട്ര ഗുണനിലവാരമുള്ള സാങ്കേതികവിദ്യയും ആരോഗ്യപരിചരണവും സമന്വയിപ്പിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അബുദാബി പവര്‍ കോര്പറേഷന്, അബുദാബി എയര്‍പോര്‍ട്സ്, അബൂദബി പോര്‍ട്സ്, ഇത്തിഹാദ് റെയില്‍, സെഹ, ദമന്‍, അബുദാബി നാഷനല്‍ എക്സിബിഷന്‍സ് കമ്പനി, അബുദാബി മീഡിയ, ടു ഫോര്‍ 54 തുടങ്ങിയ കമ്ബനികള്‍ അടങ്ങിയതാണ് എ.ഡി.ക്യു.കോവിഡ് വ്യാപന സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യപരിചരണ സ്ഥാപനങ്ങള്‍ക്കും കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ക്കുമുള്ള ആവശ്യം വര്‍ധിച്ചുവരികയാണ്.കമ്പനികളുടെ ലയനം പൂര്‍ത്തിയായതോടെ പ്യൂര്‍ ഹെല്‍ത്തില്‍ കൂടുതല്‍ ഓഹരിയുള്ള കമ്ബനിയായി എ.ഡി.ക്യു മാറി.