ദുബൈ: പി.സി.ആര് പരിശോധന ഫലങ്ങള്‍ വൈകുന്നതായ പരാതി കുറക്കാന്‍ നടപടി സ്വീകരിച്ച് വിവിധ ലാബുകള്‍. പി.സി.ആര് പരിശോധനകള്‍ക്ക് യു.എ.ഇയില്‍ തിരക്കേറിയതോടെ ഫലം ലഭിക്കാന്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ കാത്തിരിക്കേണ്ട സാഹചര്യമായിട്ടുണ്ട്.
ലോകത്തുതന്നെ പി.സി.ആര് പരിശോധനക്ക് ഏറ്റവും മികച്ച സൗകര്യങ്ങളുള്ള രാജ്യമാണ് യു.എ.ഇ. പുതുവത്സര അവധിക്കാലം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന, കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യം, ചിലയിടങ്ങളില്‍ സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രവേശനത്തിന് നെഗറ്റിവ് പി.സി.ആര് ഫലം നിര്‍ബന്ധമാക്കിയത് എന്നിവയാണ് പരിശോധകരുടെ എണ്ണം കൂട്ടിയത്.
ചിലയിടങ്ങളില്‍ പരിശോധനക്ക് ആവശ്യമായ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കിയാണ് വൈകുന്ന പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നത്.നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള യാത്രക്കാരാണ് കൂടുതലായും ഇക്കാരണത്താല്‍ പ്രയാസപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ ലാബുകള്‍ 24 മണിക്കൂറിനകം തന്നെ ഫലം നല്കാന് ശ്രമമാരംഭിച്ചത്. ഇതോടെ വരുംദിവസങ്ങളില്‍ തിരക്കു കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാല്‍, സ്കൂളുകള്‍ പലതും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മടങ്ങിയതും യാത്രക്കാരുടെ എണ്ണം കുറഞ്ഞതും വരും ദിവസങ്ങളില്‍ തിരക്ക് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധകരുടെ എണ്ണം കുറയുന്നതോടെ സാധാരണ നല്‍കിവന്ന രീതിയില്‍ ഫലം നല്കാന് കഴിയുമെന്ന പ്രതീക്ഷയാണ് ലാബ് ഉടമകള്‍ പങ്കുവെക്കുന്നത്.അതിനിടെ പരിശോധന ഫലങ്ങള്‍ കിട്ടാന്‍ വൈകിയതുകാരണം മലയാളികളടക്കം ചിലരുടെ യാത്ര മുടങ്ങാനും മാറ്റിവെക്കാനും കാരണമായിട്ടുണ്ട്.
വരും ദിവസങ്ങളിലും പരമാവധി നേരത്തേ പരിശോധന നടത്തി യാത്രക്ക് തയാറാകുന്നതാണ് പ്രവാസികള്‍ക്ക് അനുയോജ്യം. 72 മണിക്കൂറിനിടയിലെ പി.സി.ആര് ഫലമാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ആവശ്യം. നിലവില്‍ മിക്ക ലാബുകളും 36 മണിക്കൂറിനുള്ളില്‍തന്നെ സാധാരണ പരിശോധനകള്‍ക്ക് റിസല്‍ട്ട് നല്‍കുന്നുണ്ട്. ചാര്‍ജ് കൂടുതലുള്ള പരിശോധനകള്‍ക്ക് കുറഞ്ഞ സമയത്തില്‍ ഫലം നല്കുന്ന സംവിധാനവും പല ലാബുകളും ഒരുക്കിയിട്ടുണ്ട്.