ന്യൂഡല്‍ഹി: പരിശീലനത്തിനായി ഇന്ത്യ വിട്ട് യുഎസിലേക്ക് പോയത് നാട്ടിലെ വിവാഹ ക്ഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനെന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ടോക്യോ ഒളിമ്പിക്സിനുശേഷം മറ്റ് മത്സരങ്ങളിലൊന്നും പങ്കെടുക്കാതിരുന്ന നീരജ് അടുത്തിടെ ഫിറ്റ്നസ് വീണ്ടെടുക്കാനും പരിശീലനത്തിനുമായി യുഎസിലേക്ക് പോയിരുന്നു.
കരിയറിൻ്റെ ഭൂരിഭാഗം സമയവും ഞങ്ങള്‍ അത്ലറ്റുകള് കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മാറി നില്‍ക്കുന്നവരാണ്. എന്നാല്‍ ഒളിംപിക്സില്‍ മെഡല്‍ നേടിയതിന് ശേഷം ഞാന്‍ ഒരുപാട് ആളുകളെ കണ്ടുമുട്ടാനാരംഭിച്ചു. എന്നെ അവര്‍ പ്രശംസിക്കുകയും ഒപ്പം സന്തോഷം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ അവ പലപ്പോഴും പ്രതീക്ഷകളുടെ ഭാരം സൃഷ്ടിക്കുന്നു- നീരജാ ചോപ്ര പറയുന്നു.
Thank you all for your warm wishes 😊 pic.twitter.com/CEehuK4S5z
— Neeraj Chopra (@Neeraj_chopra1) December 24, 2021
പ്രതീക്ഷകളുടെ ഭാരം കൂടുമ്പോള്‍ അനാവശ്യമായ സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുകയും അത് പിന്നെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ എന്താണോ മുന്‍പ് പിന്തുടര്‍ന്ന ശീലം അതിലേക്ക് മാറേണ്ടതുണ്ട്. പരിശീലനത്തിലേക്ക് മടങ്ങി എത്തിയതോടെ കൂടുതല്‍ ആശ്വാസം കണ്ടെത്താനാവുന്നു എന്നും നീരജ് പറഞ്ഞു.
ഹരിയാനയില്‍ ശൈത്യകാലം ആരംഭിച്ചു കഴിഞ്ഞു. വിവാഹ സീസണാണ് അവിടെ. അതിനാല്‍ പല വിവാഹങ്ങള്‍ക്കും എനിക്ക് ക്ഷണമുണ്ടായി. അതെല്ലാം എന്നെ തളര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ ഞാന്‍ സന്തോഷവാനാണ്. മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ പോവാതെ മനസമാധാനത്തോടെ എനിക്ക് പരിശീലിക്കാന്‍ കഴിയുന്നുണ്ട് – നീരജ് കൂട്ടിച്ചേര്‍ത്തു.