ദുബൈ: കോവിഡാനന്തര ലോകത്തിന് പ്രത്യാശ പകര്‍ന്ന് തുടക്കം കുറിച്ച എക്സ്പോ 2020 ദുബൈ വിജയകരമായി പാതിദിനങ്ങള്‍ പിന്നിട്ടു.മാര്‍ച്ച് 31ന് അവസാനിക്കുന്ന മേളയുടെ രണ്ടാം പകുതിയില്‍ കൂടുതല്‍ സംഗീത-കായിക-സാംസ്കാരിക പരിപാടികളിലൂടെ ആദ്യഘട്ടത്തേതിനേക്കാള് സന്ദര്‍ശകരെ എത്തിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. എന്നാല്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചെറിയരീതിയില്‍ പ്രദര്‍ശനം കാണാനെത്തുന്നവരില്‍ കുറവുണ്ടായിട്ടുണ്ട്.
ആറുമാസം നീളുന്ന വിശ്വമേളയില്‍ മൂന്നു മാസത്തിനിടെ 90 ലക്ഷം സന്ദര്‍ശകരാണ് എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച സന്ദര്‍ശക പ്രവാഹത്തില്‍ ഡിസംബര്‍ അവസാന ആഴ്ചയിലെ ക്രിസ്മസ്-പുതുവത്സര ആഘോഷദിനങ്ങളില്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഇതുവരെ എത്തിയ സന്ദര്‍ശകരില്‍ മൂന്നിലൊന്ന് വിദേശങ്ങളില്‍നിന്ന് എത്തിയവരാണ്. ഇന്ത്യ, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്, യു.എസ്, റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര് വന്നത്.
47ശതമാനം സന്ദര്‍ശകരും എക്സ്പോയുടെ സീസണ് പാസുകള്‍ വാങ്ങിയാണ് പ്രവേശിച്ചത്. പൊതുഗതാഗതം ഉപയോഗപ്പെടുത്തിയാണ് ധാരാളം ആളുകള്‍ എക്സ്പോയില്‍ എത്തുന്നത്. 6,75,000പേര് ടാക്സികള്‍ ഉപയോഗിച്ചും പത്തുലക്ഷത്തിലേറെ പേര് എക്സ്പോ റൈഡര്‍ ബസുകളിലും 34 ലക്ഷം പേര് ദുബൈ മെട്രോ ഉപയോഗിച്ചുമാണ് നഗരിയിലെത്തിയത്. മൂന്നുമാസത്തില്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് 8902 ഭരണാധികാരികള്‍ വിശ്വമേളക്കെത്തിയിട്ടുണ്ട്. പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, ഭരണത്തലവന്മാര് തുടങ്ങിയ വിവിധ ഉന്നത നേതാക്കള്‍ ഇതില്‍ ഉള്‍പ്പെടും. എക്സ്പോ സ്കൂള്‍ പ്രോഗ്രാം വഴി മൂന്നര ലക്ഷത്തോളം കുട്ടികളും മേളക്കെത്തിച്ചേര്ന്നു. ഇത് യു.എ.ഇയിലെ ആകെ വിദ്യാര്‍ഥികളുടെ മൂന്നിലൊന്നാണ്.
ലോകത്താകമാനം കോവിഡ് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എക്സ്പോയിലെ എല്ലാ പവലിയനുകളിലെയും ജീവനക്കാര്‍, വളന്റിയര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍ തുടങ്ങിയവരെല്ലാം വാക്സിന് സ്വീകരിക്കണമെന്ന് നിര്‍ബന്ധമാണ്. 18 വയസ്സ് പിന്നിട്ട സന്ദര്‍ശകര്‍ മേളയിലേക്ക് പ്രവേശിക്കാന്‍ വാക്സിനേഷന് പൂര്‍ത്തീകരിക്കുകയോ 72 മണിക്കൂറിനിടയിലെ പി.സി.ആര് ഫലം കാണിക്കുകയോ വേണം.