ഷാര്‍ജ: അനധികൃതമായി രാജ്യത്ത് തങ്ങിയവര്‍ക്ക് ഷാര്‍ജയിലെ ഒരു സര്‍വിസ് സെന്റര്‍ വഴി പൊതുമാപ്പ് ലഭിക്കുമെന്ന വാര്‍ത്ത അഭ്യൂഹമാണെന്ന് പൊലീസ് അറിയിച്ചു.അഭ്യൂഹം പ്രചരിപ്പിക്കുകയോ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കഴിഞ്ഞ ദിവസം യു.എ.ഇ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓര്‍മപ്പെടുത്തിയിരുന്നു.
ഫെഡറല്‍ നിയമത്തിന്റെ ആര്ടിക്ള് 52 പ്രകാരം അഭ്യൂഹം പ്രചരിപ്പിക്കുന്നതിനും തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിനും ശിക്ഷ ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണ്.മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികാരികളില്‍നിന്നു മാത്രമേ സ്വീകരിക്കാവൂ എന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും വിശ്വസനീയമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
വിവരങ്ങളുടെ സ്രോതസ്സ് പരിശോധിച്ച് ഔദ്യോഗിക ഉറവിടത്തില്നിന്നോ, യോഗ്യതയുള്ള അധികാരികളുടെ പ്ലാറ്റ്ഫോമുകളില്നിന്നോ മാത്രമേ ഇത്തരം കാര്യങ്ങള്‍ എടുക്കാന്‍ പാടുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
പ്രസിദ്ധീകരിച്ച വിവരം ഏതെങ്കിലും തരത്തിലുള്ള അധികാരികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരെ പൊതുജനാഭിപ്രായം ഇളക്കിവിടുകയോ അല്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍, പ്രതിസന്ധികള്‍, അത്യാഹിതം, ദുരന്തങ്ങള്‍ എന്നിവയുടെ സമയത്ത് പ്രശ്നങ്ങള്‍ക്ക് കാരണമാവുകയോ ചെയ്താല്‍ പിഴ രണ്ടു ലക്ഷവും തടവ് രണ്ടു വര്‍ഷവുമാണ്.