കൊച്ചി: വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണം (റെമിറ്റൻസ്) സ്വീകരിക്കാന്‍ ഫിനോ പേമെന്റ്സ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്കി. മണി ട്രാന്‍സ്ഫര്‍ സര്‍വീസ് സ്കീം (എം.ടി.എസ്.എസ്) പ്രകാരം വിദേശ രാജ്യങ്ങളിലെ കേന്ദ്ര ബാങ്ക് അംഗീകാരമുള്ള ഒരു മണി ട്രാന്‍സ്ഫര്‍ കമ്പനിയുമായി സഹകരിച്ചാണ് ഫിനോ ഈ സേവനം അവതരിപ്പിക്കുക.
വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ സേവനം. വിദേശത്ത് നിന്ന് അയക്കുന്ന പണം ഏറ്റവും അടുത്ത ഫിനോ മൈക്രോ എടിഎമ്മുകളില്‍ നിന്നോ ആധാര്‍ എനേബിള്‍ഡ് പേമെന്റ് സര്‍വീസ് ഉള്ള ഫിനോ ബാങ്ക് മെര്‍ചന്റ് പോയിന്റുകളില്‍ നിന്നോ നേരിട്ടു കൈപ്പറ്റാം. 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കുമെന്ന് ഫിനോ പേമെന്റ്സ് ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ മേജര്‍ ആഷിഷ് അഹുജ പറഞ്ഞു. ഈ സേവനം തങ്ങളുടെ മൊബൈല്‍ അപ്ലിക്കേഷനിലും ലഭ്യമാക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശ റെമിറ്റന്‍സില്‍ ലോകത്ത് മുന്നില്‍ നിക്കുന്ന രാജ്യമാണ് ഇന്ത്യ. 2022ല്‍ മൂന്ന് ശതമാനം വളര്‍ച്ചയോടെ 89.6 ശതകോടി യുഎസ് ഡോളര്‍ വിദേശ റെമിറ്റന്‍സ് ഇന്ത്യയിലെത്തുമെന്നാണ് ലോക ബാങ്ക് പ്രവചനം. പ്രവാസി തൊഴിലാളികള്‍ വന്‍തോതില്‍ ഗള്‍ഫ് രാ്ജ്യങ്ങളിലേക്ക് തിരിച്ചു പോകുന്നതോടെ റെമിറ്റന്‍സ് ഇനിയും വര്‍ധിക്കുമെന്ന് 2021 നവംബറില്‍ ലോക ബാങ്ക് പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു.