ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ഒഡീഷ എഫ്സി. ഒഡീഷയ്ക്കായി ജെറി രണ്ട് ഗോളുകളും, അരിഡെ കബ്റേറയും ജോനാദാസും ഓരോ ഗോള്‍ വീതവും നേടി.
മുംബൈയ്ക്കായി അഹമ്മദ് ജാഹുവും ഇഗോർ അംഗുലോയും ഗോള്‍ നേടി.
കളി തുടങ്ങി 4ാം മിനുറ്റിൽ ഒഡീഷ താരം അരിഡെ കബ്റേറയാണ് ആദ്യഗോൾ നേടി. 10ാം മിനുറ്റിൽ അഹമ്മദ് ജാഹു മുംബൈയെ ഒപ്പമെത്തിച്ചു. പിന്നീട് കളി നിയന്ത്രിച്ച മുംബൈ 38ാം മിനുറ്റിൽ ലീഡ് നേടി. ഇഗോർ അംഗുലോയായിരുന്നു സ്കോർ ചെയ്തത്.
എന്നാൽ, മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഒഡീഷ 70ാം മിനുറ്റിൽ ഒപ്പമെത്തി. പിന്നീട് ആക്രമണം അഴിച്ചുവിട്ട ഒഡീഷ 77ാം മിനുറ്റിൽ ലീഡ് നേടുകയായിരുന്നു.ജെറിയാണ് രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ അവസാന നിമിഷം ജോനാദാസും സ്കോർ ചെയ്തതോടെ മുംബൈയുടെ തോൽവി ഭാരം വർധിക്കുകയായിരുന്നു.
ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഒഡീഷ 7ാം സ്ഥാനത്തെത്തി. 16 പോയിന്റുമായി മുംബൈ തന്നെയാണ് ഒന്നാമത്.