വയനാട് :ഒരു രാത്രി മുഴുവന്‍ നാട്ടുകാരെയും വനപാലകരെയും ആശങ്കയിലാക്കി കാട്ടാനകളുടെ പരാക്രമം. ശനിയാഴ്ച രാത്രിയോടെ കാടിറങ്ങിയ രണ്ടാനകളാണ് വയനാട്ടിലെ ചണ്ണോത്ത്കൊല്ലി, മാടപ്പള്ളിക്കുന്ന്, കുന്നത്തുകവല പ്രദേശങ്ങിലൂടെ ചുറ്റിത്തിരിഞ്ഞത്.നേരം പുലരും വരെ ആനകള്‍ നാട്ടിലൂടെ കറങ്ങി നടന്നു. ഇതിനിടെ കടന്നുപോയ തോട്ടങ്ങളിലെ കൃഷിയെല്ലാം നശിപ്പിച്ചു.
വെളുപ്പിന് മാടപ്പള്ളിക്കുന്ന് കോളനിയില്‍ കയറിയ ആന ചീരാംകുഴിയില്‍ സുബ്രഹ്മണ്യന്റെ വീട് തകര്‍ത്തു. തൊഴുത്തിലെ പശുക്കള്‍ ഭയന്നു നിലവിളിച്ചപ്പോള്‍ ആന പിന്തിരിഞ്ഞ് കോളനിക്കുള്ളിലെ റോഡിലൂടെ തലങ്ങും വിലങ്ങും ഓടി. ആന തട്ടിയിടുന്നതിനു തൊട്ടുമുന്‍പാണ് സുബ്രഹ്മണ്യന് വീടിന് പുറത്തിറങ്ങിയത്.ബഹളം കേട്ട് ഇവിടെയെത്തിയ വനപാലകരെ റോഡിലൂടെ ആന ഓടിച്ചു.
ആനയെ തുരത്താനെത്തിയ വനപാലകരില്‍ പലരും മുടിനാരിഴയ്ക്കാണു ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്. ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ നിന്നു രാത്രി മാടപ്പള്ളിക്കുന്നു വഴി ശശിമല പാടത്തെത്തിയ രണ്ടാനകളെ പിന്തുടര്ന്നു വനപാലകരെത്തിയപ്പോള്‍ ആനകള്‍ രണ്ടുവഴിക്കു തിരിഞ്ഞു. വനപാലകര്‍ രണ്ടിന്റെയും പിന്നാലെ പടക്കവും വെളിച്ചവുമായി ഓടിച്ചു.