ദോഹ: പൊതുജനങ്ങള്‍ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണമെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു.വരും ദിനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യമേഖല പ്രത്യേകം സജ്ജമായതായിരിക്കുകയാണ്.
രോഗികളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും മാസ്ക് എപ്പോഴും ധരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും അതോടൊപ്പം സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മറ്റു സുരക്ഷ മുന്‍കരുതലുകളും പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു. ആഗോളതലത്തില്‍ തന്നെ രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നുമുതല്‍ ആറിരട്ടി വരെ വേഗത്തില്‍ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്നുണ്ട്.
രാജ്യത്ത് കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ യോഗ്യരായവര്‍ ഉടന്‍ വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്ന് മറ്റൊരു വിഡിയോ സന്ദേശത്തില്‍ സി.ഡി.സി സാംക്രമികരോഗ വിഭാഗം അസോ. കണ്‍സല്‍ട്ടന്റ് ഡോ. അഹ്മദ് സഖൂത് പറഞ്ഞു.മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തിലെ ഓരോരുത്തര്‍ക്കും അവരുടേതായ ഉത്തരവാദിത്തമുണ്ടെന്നും സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചതായി എച്ച്.എം.സി തീവ്രപരിചരണ വിഭാഗം ആക്ടിങ് ചെയര്മാന് ഡോ. അഹ്മദ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ 10 ദിവസങ്ങളിലായി 250ലധികം കോവിഡ് രോഗികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വിഡിയോ സന്ദേശത്തില്‍ ഡോ. അഹ്മദ് മുഹമ്മദ് വ്യക്തമാക്കി.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി കമ്യൂണിക്കബ്ള്‍ ഡിസീസ് സെന്റര്‍, ഹസം മിബൈരിക് ജനറല്‍ ആശുപത്രി, ക്യൂബന്‍ ആശുപത്രി എന്നിവ സജ്ജമാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ മിസൈദ് ആശുപത്രി, റാസ് ലഫാന്‍ ആശുപത്രി എന്നിവയും കോവിഡ് രോഗ ചികിത്സക്കായി നീക്കിവെക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.