സാവോ പോളോ: മുൻ ബ്രസീൽ താരവും ഫുട്ബോൾ ഇതിഹാസവുമായ റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന് രോഗബാധ സ്ഥിരീകരിച്ച വിവരം അദ്ദേഹത്തിൻ്റെ ബാല്യകാല ക്ലബായ ക്രൂസെയ്റോയാണ് പുറത്തുവിട്ടത്. കോവിഡ് സ്ഥിരീകരിച്ചതിനാൽ 101-ാ൦ വാർഷികം ആഘോഷിക്കുന്ന ക്ലബിൻ്റെ പരിപാടികളിൽ മുൻ റയൽ മാഡ്രിഡ്, ഇന്റർ മിലാൻ താരവുമായ റൊണാൾഡോയ്ക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് ക്ലബ് അറിയിച്ചു.
45കാരനായ താരത്തിന് ചെറിയ രോഗ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും അദ്ദേഹം ഐസൊലേഷനിലാണെന്നും ക്ലബ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അടുത്തിടെ ക്ലബിന്റെ ഭൂരിഭാഗം ഓഹരികളും റൊണാൾഡോ സ്വന്തമാക്കിയിരുന്നു. 2002 ഫിഫ ലോകകപ്പിൻ്റെ താരമായിരുന്ന റൊണാൾഡോ മൂന്ന് തവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. 19993-ൽ 16-ാം വയസിലായിരുന്നു ക്രുസെയ്റോയ്ക്കായുള്ള റൊണാൾഡോയുടെ അരങ്ങേറ്റം. 1997ലും 2002ലും ബാലൺ ഡി ഓർ പുരസ്കാരവും നേടി. ബ്രസീൽ ടീമിൻ്റെ കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ചതും റൊണാൾഡോ ആയിരുന്നു.