വാഷിങ്ടണ്‍: ഡ്രൈവറില്ലാ ടാക്‌സികള്‍ വികസിപ്പിക്കുന്നതിന് ചൈനീസ് വാഹന ഭീമന്‍ ഗീലി ഹോള്‍ഡിങും അമേരിക്കന്‍ ടെക്ക് ഭീമന്‍ ആല്‍ഫബെറ്റ് ഇങ്കിന്റെ സെല്‍ഫ് ഡ്രൈവിങ് യൂനിറ്റായ വെയ്‌മോയും കൈകോര്‍ക്കുന്നു.
തങ്ങളുടെ പ്രീമിയം ഇലക്‌ട്രിക് മൊബിലിറ്റി ബ്രാന്‍ഡായ സീക്കര്‍, ആല്‍ഫബെറ്റ് ഇങ്കിന്റെ ഡ്രൈവറില്ലാ ടാക്‌സിയായ വെയ്‌മോയ്ക്ക് വേണ്ടി ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുമെന്ന് ചൈനയുടെ ഗീലി ഹോള്‍ഡിങ് അറിയിച്ചു.
ഈ ഇലക്‌ട്രിക് വാഹനങ്ങള്‍ യുഎസില്‍ ഉടനീളം സ്വയം ഓടുന്ന വാടക ടാക്‌സി വാഹനങ്ങളായി വിന്യസിക്കുമെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാഹനങ്ങള്‍ സ്വീഡനിലെ സീക്കറിന്റെ ഫെസിലിറ്റിയില്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. പിന്നീട് വെയ്‌മോയുടെ സെല്‍ഫ് ഡ്രൈവിങ് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുമെന്ന് ഗീലി ചൊവ്വാഴ്ച പറഞ്ഞു.
യുഎസിലെ ആദ്യത്തെ പൂര്‍ണ്ണ ഡ്രൈവറില്ലാ ടാക്‌സി സേവനമാണ് വെയ്‌മോ. ഒരു വര്‍ഷം മുമ്ബാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്.