അബുദാബി: ഓട്ടിസം ബാധിച്ചവരടക്കം ദൃഢനിശ്ചയ വിഭാഗത്തിലെ കുട്ടികള്‍ക്കുവേണ്ടി അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ സെന്‍സറി റൂമുകള്‍ തുറന്നു.അബൂദബി ‘ഏര്‍ളി ചൈല്‍ഡ് ഹുഡ് അതോറിറ്റി’യുമായി സഹചരിച്ചാണ് സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്ള്‍ ഓഫ് ഡിറ്റര്‍മിനേഷനും അബൂദബി വിമാനത്താവളവും രണ്ട് സെന്‍സറി റൂമുകള്‍ക്ക് തുടക്കമിട്ടത്. തിരക്കേറിയ പൊതുസ്ഥലങ്ങളില്‍ ശാന്തമായ അന്തരീക്ഷവും സൗകര്യവും ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
അബൂദബിയിലെ വാണിജ്യകേന്ദ്രങ്ങള്‍ അടക്കമുള്ള സുപ്രധാന മേഖലകളില്‍ ആറു സെന്‍സറി റൂമുകള്‍ ആരംഭിക്കാനായി 2021ല്‍ ആദ്യം സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്ള്‍ ഓഫ് ഡിറ്റര്‍മിനേഷനും അബൂദബി വിമാനത്താവളവും ധാരണപത്രം ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് രണ്ടു സെന്‍സറി റൂമുകള്‍ ഇപ്പോള്‍ ആരംഭിച്ചത്.
ടെര്‍മിനല്‍ ഒന്നിലെയും ടെര്‍മിനല്‍ മൂന്നിലെയും കളി സ്ഥലത്താണ് സെന്‍സറി റൂമുകള്‍ തുറന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഏകാഗ്രതയും പഠനശേഷിയുമൊക്കെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രത്യേക വെളിച്ചവും സംഗീതവും ഉപകരണങ്ങളുമൊക്കെ അടങ്ങിയതാണ് സെന്‍സറി റൂമുകളുടെ സജ്ജീകരണം.