കൊച്ചി: വ്യവസായ സംരംഭകര്‍ക്ക് അംഗീകാര പത്രം നല്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കെ – സ്വിഫ്റ്റിന്റെ പുതുക്കിയ സംവിധാനം നിലവില്‍ വന്നു.കളമശേരി കീഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.രാജീവ് പുതുക്കിയ കെ – സ്വിഫ്റ്റ് പോര്‍ട്ടലിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു.
സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങള്‍ എന്ന വിഭാഗത്തിന്റെ നിക്ഷേപ പരിധി 10 കോടി രൂപയില്‍ നിന്ന് 50 കോടി രൂപ ആയി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയത്.
ഏകദേശം 15,600 ല്‍ കൂടുതല്‍ സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ പോര്‍ട്ടല്‍ വഴി അംഗീകാര പത്രം നേടിയിട്ടുണ്ട്. 3000 കോടിയിലധികം നിക്ഷേപവും കേരളത്തില്‍ ഇതുവഴി ലഭിച്ചു. വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി. ഏബ്രഹാം, കെഎസ്ഐഡിസി എജിഎം വര്‍ഗീസ് മാലക്കാരന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
നേരത്തെ 10 കോടിയില്‍ താഴെ മുതല്‍ മുടക്കു വരുന്നതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുവപ്പു വിഭാഗത്തില്‍ പെടാത്തതുമായ സംരംഭങ്ങള്‍ക്കാണ് കെ-സ്വിഫ്റ്റ് വഴി അംഗീകാര പത്രം നല്‍കിയിരുന്നത്.