ദുബായ്: ശ്രീലങ്കയെ ഒൻപത് വിക്കറ്റിന് തകർത്ത് അണ്ടർ-19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 38 ഓവറിൽ 102 റൺസായി പുനർ നിശ്ചയിച്ച വിജയ ലക്ഷ്യം വെറും 21.3 ഓവറിൽ ഇന്ത്യൻ സംഘം മറികടന്നു. അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
67 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറികളടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്ന അംഘ്രിഷ് രഘുവന്‍ഷിയും 49 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ഷയ്ഖ് റഷീദുമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. അംഘ്രിഷ് രഘുവന്‍ഷി അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി വിക്കി ഒസ്ത്വാള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. കൗശല്‍ താംബെ രണ്ടു വിക്കറ്റെടുത്തു. അഞ്ച് റൺസെടുത്ത ഓപ്പണർ ഹർനൂർ സിങ്ങിൻ്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരം മഴ കാരണം 38 ഓവറാക്കി ചുരുക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണെടുത്തത്. സെമിയില്‍ ബംഗ്ലാദേഷിനെ 103 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. പാകിസ്താനെ 22 റണ്‍സിന് തോല്‍പ്പിച്ചാണ് ശ്രീലങ്ക ഫൈനലിലെത്തിയത്. നാല് താരങ്ങൾ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.