സെഞ്ചൂറിയൻ: ഓസ്ട്രേലിയയുടെ അഭിമാന മൈതാനമായിരുന്ന ഗാബയിൽ ഇന്ത്യ ചരിത്ര വിജയം നേടിയത് 11 മാസങ്ങൾക്ക് മുമ്പാണ്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയുടെ സെഞ്ചൂറിയൻ കോട്ടയും കീഴടക്കിയിരിക്കുകയാണ് കോലിയും സംഘവും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 113 റൺസിന് ജയിച്ച ഇന്ത്യ സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട്സ് പാർക്ക് മൈതാനത്തെ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയമെന്ന നേട്ടവും സ്വന്തമാക്കി.
ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ശേഷം സെഞ്ചൂറിയനിൽ ഒരു ടെസ്റ്റ് ജയിക്കുന്ന മൂന്നാമത്തെ സന്ദർശക ടീമും ഇന്ത്യയാണ്.
1992 മുതൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന 22 ടെസ്റ്റുകളിൽ ഇന്ത്യയുടെ നാലാമത്തെ മാത്രം വിജയമാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവരുടെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ലീഡ് ചെയ്യുന്നതും ഇത് രണ്ടാം തവണ മാത്രമാണ്. രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ 2006-07 കാലത്ത് പര്യടനം നടത്തിയ ഇന്ത്യൻ ടീമാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. പക്ഷേ അന്ന് പരമ്പര പൂർത്തിയായപ്പോൾ ഇന്ത്യ 1-2ന് തോൽക്കുകയായിരുന്നു.
സെഞ്ചൂറിയിൽ ഒരു ടെസ്റ്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടം വിരാട് കോലി സ്വന്തമാക്കുകയും ചെയ്തു.
ഇംഗ്ലണ്ടാണ് സെഞ്ചൂറിയനിൽ ടെസ്റ്റ് ജയിച്ച ആദ്യ സന്ദർശക ടീം. 2000-ലായിരുന്നു ഇത്. പിന്നീട് 2014-ൽ ഓസ്ട്രേലിയയാണ് ഇവിടെ ടെസ്റ്റ് ജയിക്കുന്നത്. അന്ന് സ്റ്റീവ് സ്മിത്ത്, ഷോൺ മാർഷ്, ഡേവിഡ് വാർണർ എന്നിവർ സെഞ്ചുറിയുമായി തിളങ്ങിയപ്പോൾ 281 റൺസിനാണ് മൈക്കൽ ക്ലാർക്കിന്റെ സംഘം ജയിച്ചുകയറിയത്.
സെഞ്ചൂറിയനിൽ ഇതുവരെ 28 ടെസ്റ്റുകൾ കളിച്ച ദക്ഷിണാഫ്രിക്ക 21 എണ്ണത്തിലും ജയിച്ചു. തോറ്റത് മേൽപ്പറഞ്ഞ മൂന്ന് ടീമുകളോട് മൂന്ന് മത്സരങ്ങൾ മാത്രം.