മഡ്ഗാവ്: ഐഎസ്എല്ലിൽ ജയമില്ലാതിരുന്ന തുടർച്ചയായ ഏഴു മത്സരങ്ങൾക്കു ശേഷം വിജയവഴിയിൽ തിരിച്ചെത്തി ബെംഗളൂരു എഫ്.സി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെ തകർത്താണ് ഏഴു മത്സരങ്ങൾക്കു ശേഷം അവർ ഒരു ജയം സ്വന്തമാക്കിയത്. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ ജയം.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ബെംഗളൂരു ടീമിന്റെ തിരിച്ചുവരവ്. നാലാം മിനിറ്റിൽ തന്നെ മിർലൻ മുർസയെവിലൂടെ ചെന്നൈയിനാണ് ആദ്യം മുന്നിലെത്തിയത്. 39-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ക്ലെയ്റ്റൺ സിൽവ ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. ബോക്സിൽവെച്ച് ജെറിയുടെ കൈയിൽ പന്ത് തട്ടിയതിനായിരുന്നു പെനാൽറ്റി.
പിന്നാലെ 43-ാം മിനിറ്റിൽ അലൻ കോസ്റ്റയിലൂടെ ബെംഗളൂരു മുന്നിൽ കയറി. എന്നാൽ രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ചെന്നൈയിൻ സമനില പിടിച്ചു. റഹീം അലിയാണ് സ്കോർ ചെയ്തത്. തുടർന്ന് 70-ാം മിനിറ്റിൽ ഉദാന്ത സിങ്ങിലൂടെ വീണ്ടും മുന്നിലെത്തിയ ബെംഗളൂരു 74-ാം മിനിറ്റിൽ പ്രതിക് ചൗധരി നേടിയ ഗോളിൽ വിജയമുറപ്പിക്കുകയായിരുന്നു.
ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 9 പോയന്റുമായി ബെംഗളൂരു എട്ടാം സ്ഥാനത്തെത്തി. 11 പോയന്റുള്ള ചെന്നൈയിൻ ആറാം സ്ഥാനത്താണ്.