അബുദാബി: യുഎഇയിലെ (UAE) മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകളിൽ (Abu dhabi entry requirements) മാറ്റം വരുത്തിയത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് അധികൃതർ പുറത്തിറക്കിയത്. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളിൽ മാറ്റം വരുത്തിയതെന്ന് അധികൃതർ അറിയിച്ചു.
കൊവിഡ് പ്രതിരോധ വാക്സിനുകളെടുത്തിട്ടുള്ളവർ മറ്റ് എമിറ്റേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോൾ അൽ ഹുസ്ൻ ആപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കണം. വാക്സിനെടുത്തിട്ടില്ലാത്തവർ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് ഫലമാണ് ഹാജരാക്കേണ്ടത്.
മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിൽ പ്രവേശിക്കുന്നവരെ നിലവിൽ അതിർത്തി പോയിന്റുകളിൽ വെച്ച് ഇ.ഡി.ഇ സ്കാനിങിന് വിധേയമാക്കുന്നുണ്ട്. ഇത് തുടരും. കൊവിഡ് ബാധിച്ചിരിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്താനാണ് അതിർത്തികളിലെ ഇ.ഡി.ഇ സ്കാനിങ്. ഇതിൽ പോസിറ്റീവാകുന്നവർക്ക് അവിടെത്തന്നെ സജ്ജീകരിച്ചിട്ടുള്ള ടെസ്റ്റിങ് കേന്ദ്രത്തിൽ ആന്റിജൻ പരിശോധനയും നടത്തും. ഈ പരിശോധന സൗജന്യമാണ്. രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണവും കൊവിഡ് നിയന്ത്രണവും ലക്ഷ്യമിട്ടാണ് പുതിയ നിബന്ധനകൾ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.