ദോഹ: ഖത്തറിൽ(Qatar) കൊവിഡ് (covid)നിയന്ത്രണങ്ങൾ വെള്ളിയാഴ്ച മുതൽ കർശനമാക്കുന്നു. അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാത്രമല്ല, തുറസ്സായ പൊതുസ്ഥലങ്ങളിലും ഇനി മുതൽ മാസ്ക് (mask)നിർബന്ധമാണ്. തുറസ്സായ സ്ഥലങ്ങളിൽ കായിക പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് മാസ്ക് ധരിക്കുന്നതിൽ ഇളവുണ്ട്. ഡിസംബർ 31 വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
പ്രദർശനങ്ങൾ, വിവിധ പരിപാടികൾ, സമ്മേളനങ്ങൾ എന്നിവ തുറസ്സായ പൊതുസ്ഥലങ്ങളിൽ നടത്തുകയാണെങ്കിൽ പരമാവധി പ്രവർത്തനശേഷി 75 ശതമാനമായിരിക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ 50 ശതമാനം ശേഷിയിൽ മാത്രമേ പരിപാടികൾ സംഘടിപ്പിക്കാവൂ. ഇതിൽ പങ്കെടുക്കുന്ന 90 ശതമാനം പേരും കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടായിരിക്കണം. വാക്സിൻ സ്വീകരിക്കാത്തവർ, ഭാഗികമായി വാക്സിൻ സ്വീകരിച്ചവർ എന്നിവർ പിസിആർ പരിശോധന അല്ലെങ്കിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയിട്ടുണ്ടാകണം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ എല്ലാ പരിപാടികളും പ്രദർശനങ്ങളും സമ്മേളനങ്ങളും നടത്താവൂ. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങൾ നിലവിലുണ്ടാകും.