ദോഹ :ഫെയ്സ് മാസ്ക് നിർബന്ധമാക്കിയതുൾപ്പെടെ വെള്ളിയാഴ്ച മുതൽ ഖത്തറിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകും. അടഞ്ഞ പൊതുവേദികളിൽ മാത്രമല്ല തുറന്ന പൊതുസ്ഥലങ്ങളിലും ഈ മാസം 31 മുതൽ ഫെയ്സ് മാസ്ക് നിർബന്ധമാണ്. അതേസമയം പൊതുസ്ഥലങ്ങളിൽ കായിക പരിശീലനം നടത്തുന്നവർ മാസ്ക് ധരിക്കേണ്ടതില്ല.
പ്രദർശനങ്ങൾ, ഇവന്റുകൾ, സമ്മേളനങ്ങൾ എന്നിവ തുറന്ന പൊതുസ്ഥലങ്ങളിലാണ് നടത്തുന്നതെങ്കിൽ 75 ശതമാനമാക്കി പ്രവർത്തനശേഷി പരിമിതപ്പെടുത്തിയിരിക്കണം. അടഞ്ഞ സ്ഥലങ്ങളിലാണെങ്കിൽ 50 ശതമാനം ശേഷിയിലേ പരിപാടികൾ നടത്താൻ പാടുള്ളു. പങ്കെടുക്കുന്ന 90 ശതമാനം പേരും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവരാകണം.
വാക്സിനെടുക്കാത്തവരും ഭാഗികമായി വാക്സിനെടുത്തവരുമാണെങ്കിൽ പിസിആർ അല്ലെങ്കിൽ റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധം. എല്ലാത്തരം ഇവന്റുകളും സമ്മേളനങ്ങളും പ്രദർശനങ്ങളും നടത്താൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധം. പുതിയ നിയന്ത്രണങ്ങൾ 31 മുതൽ പ്രാബല്യത്തിലാകും. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ചത്.