പത്തനംതിട്ട: മദ്യപാനത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കുലശേഖരപതി അലങ്കാരത്ത് റഹ്മത്തുള്ള (42) ആണ് മരിച്ചത്.
സംഭവത്തില്‍ റഹ്മത്തുള്ളയുടെ സുഹൃത്തുക്കള്‍ ആയ കുലശേഖരപതി മാവുതാനം പുരയിടത്തില്‍ ഷിഹാബുദ്ദീന്, പഴയവീട്ടില്‍ ഷെഫീസ് എന്നിവരെയും മധുവെന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ മൂന്നുപേരും റഹ്മത്തുള്ളയ്ക്കൊപ്പം മദ്യപിക്കാനുണ്ടായിരുന്നവെന്നാണ് പോലീസിന് കിട്ടിയ വിവരം. മൂന്നുപേരെയും സംഭവസ്ഥലത്തിനടുത്തുള്ള റബ്ബര്തോട്ടത്തില്നിന്നാണ് പിടികൂടിയത്. ഷിഹാബുദ്ദീന് മറ്റൊരു കൊലക്കേസിലും മധു ക്രിമിനല്‍ കേസിലും പ്രതിയാണ്.
പത്തനംതിട്ട കുലശേഖരപതി അറബിക് കോളേജ് റോഡിലെ പഴയ സര്‍വീസ് സ്റ്റേഷനുള്ളിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടത്.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹത്തിന്റെ കഴുത്തിലും തലയിലും മുറിവുകളുണ്ട്. കിടന്ന ഷെഡിലും റോഡിലുമെല്ലാം രക്തക്കറയും കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം സ്ഥലത്ത് ബഹളം നടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.