ദുബൈ :മുൻകരുതൽ നടപടികൾ കർശനമാക്കി ദുബൈ(Dubai). മാസ്ക്(mask) ധരിക്കുന്നതടക്കമുള്ള മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്ക് 3,000 ദിർഹം പിഴ ചുമത്തുമെന്ന് ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മറ്റി അറിയിച്ചു. ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ നിരീക്ഷണം കർശനമാക്കും. അതേസമയം പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് വെടിക്കെട്ട് ആസ്വദിക്കുന്നതിനായി 29 സ്ഥലങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാസ്ക് ധരിക്കുകയും സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.