ഷാര്‍ജ: ഉപയോഗിച്ച പാചക എണ്ണ റീസൈക്ലിങ് ചെയ്യുന്ന നൂതന സംവിധാനവുമായി ഷാര്‍ജ. സര്‍ക്കാര്‍-സ്വകാര്യ സംയുക്ത ഏജന്‍സിയായ ബീഅയുടെ നേതൃത്വത്തിലാണ് യു.എ.ഇയില്‍ ആദ്യമായി ഇത്തരമൊരു സംരംഭം തുടങ്ങിയത്. നഗരസഭയുടെ വാഹനങ്ങള്‍ക്ക് ഇന്ധനമായി ഈ ഡീസലാണ് നല്‍കുകയെന്ന് ബീഅ ഗ്രൂപ് സി.ഇ.ഒ ഖാലിദ് അല്‍ ഹുറൈമെല്‍ പറഞ്ഞു.
വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന പാചക എണ്ണ മാലിന്യച്ചാലുകളില്‍ ഒഴിക്കാറുണ്ട്. ഇത് പ്ലംബിങ് സംവിധാനങ്ങളെ തടസ്സപ്പെടുത്തുന്നതിനാല്‍ മുനിസിപ്പാലിറ്റികള്‍ക്കും മലിനജല സംസ്കരണ കമ്പനികള്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. പുതിയ സേവനത്തിലൂടെ, ഉപയോഗിച്ച പാചക എണ്ണയെ ബയോഡീസലാക്കി മാറ്റും.
എണ്ണ നിറച്ച ഒരു കുപ്പി മെഷീനിലേക്ക് നിക്ഷേപിക്കുമ്പോള്‍ അടുത്ത കാലിക്കുപ്പി ലഭിക്കും. ഈ കുപ്പിയില്‍ എണ്ണ നിറച്ച് വീണ്ടും നിക്ഷേപിക്കാന്‍ കഴിയും. കുപ്പികളും പൂര്‍ണമായും പുനരുപയോഗം ചെയ്യാവുന്നതാണ്.
ഉപയോഗിച്ച പാചക എണ്ണ സംസ്കരിക്കുന്നതിനുള്ള സാധാരണരീതി പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നത് തടയാന്‍കൂടി ലക്ഷ്യമിട്ടാണ് നടപടി. കമ്പനി നല്കുന്ന പ്രത്യേക കുപ്പികളില്‍ ആളുകള്‍ക്ക് എണ്ണ നിക്ഷേപിച്ച് കലക്ഷന്‍ മെഷീനില്‍ നിക്ഷേപിക്കാം. 826333 എന്ന നമ്പറില്‍ വിളിച്ചാല്‍ കുപ്പി ലഭിക്കും. ഷാര്‍ജയിലെ ഓരോ മേഖലയിലും മെഷീന് സ്ഥാപിക്കും.