ദുബൈ: നാട്ടിലെ വിമാനത്താവളങ്ങളിൽ നടക്കുന്ന ആർപിസിആര്‍ പരിശോധനയുടെ പേരില്‍ വിദേശത്തേക്ക് പോകേണ്ട പ്രവാസികളെ ചൂഷണം ചെയ്യുന്നുവെന്നും പരിശോധനാ ഫലം കൃത്യമല്ലെന്നും ആരോപിച്ച് സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശേരി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശേഷം യുഎഇയിലേക്ക് തിരികെ പോകാനൊരുങ്ങുന്നതിനിടെ നേരിടേണ്ടി വന്ന സ്വന്തം അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് വിമാനത്താവളങ്ങളിൽനിന്ന് രണ്ടുതരം ഫലമാണ് അദ്ദേഹത്തിന് ലഭിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ചടങ്ങിന് ശേഷം പുലർച്ചെ 2.55നുള്ള ഷാർജ വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. നാലു മണിക്കൂർ മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രയ്ക്ക് മുന്നോടിയായി 2490 രൂപ നല്കി നടത്തിയ റാപ്പിഡ് പി സി ആര് പരിശോധനയില്‍ അദ്ദേഹത്തിന് പോസിറ്റീവ് ഫലമാണ് ലഭിച്ചത്. യാത്ര ചെയ്യാന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ ഇറക്കി വിട്ടു.
24 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്നും ഒരിക്കല്‍ കൂടി പരിശോധിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. മാത്രമല്ല, പുറത്തേക്കുള്ള വഴിയും കാണിച്ചു കൊടുത്തു. അപ്പോൾ സമയം രാത്രി 11 മണി. യുഎഇയിൽ എത്തിയാൽ ഉടൻ രണ്ട് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ളതിനാൽ മറുവഴി ആലോചിച്ചു.
അങ്ങനെയാണ് നെടുമ്പാശേരി വഴിയുള്ള യാത്ര ആലോചിച്ചത്. തിരുവനന്തപുരത്തു നിന്ന് ടാക്സിയിൽ നെടുമ്പാശ്ശേരി എത്തി. രാവിലെ 10.10ന് കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു ടിക്കറ്റ്. പുലർച്ച 4.45ന് നെടുമ്പാശ്ശേരിയിൽ എത്തി 2490 രൂപ അടച്ച് റാപിഡ് പി സി ആർ പരിശോധന നടത്തി. അരമണിക്കൂർ കഴിഞ്ഞ് ഫലം വന്നപ്പോൾ നെഗറ്റിവ്.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള ഏഴ് മണിക്കൂര്‍ യാത്രക്കിടെ തൻ്റെ കോവിഡ് മാറിയോ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസിറ്റിലൂടെ ഉയര്‍ത്തുന്ന ചോദ്യം. പരിശോധന നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സ്വകാര്യ ഏജന്‍സികള്‍ കൃത്യതയില്ലാതെ മെഷീനുകളാണ് ഉപയോഗിക്കുന്നതെന്നും ഇതിലൂടെ ലഭിക്കുന്ന തെറ്റായ പരിശോധനാ ഫലം കാരണം നിരവധി പ്രവാസികള്‍ക്ക് സാമ്പത്തിക നഷ്ടവും സമയ നഷ്ടവുമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നിരവധി പേരാണ് വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റ് പോസിറ്റിവായതിനെത്തുടർന്ന് മടങ്ങുന്നത്. 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ ഫലം നെഗറ്റിവാകുന്നവർ മാത്രമാണ് എയർപോർട്ടിലെത്തുന്നത്. എന്നാൽ, ഇവിടെ നെഗറ്റിവാകുന്നത് മൂലം ടിക്കറ്റിൻ്റെ പണവും ടെസ്റ്റ് ചെയ്ത പണവും ഉൾപ്പെടെ നഷ്ടമാകുന്നു. റാപിഡ് പിസിആർ നിരക്ക് കുറക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും സർക്കാറുകൾ അതിന് മുന്നിൽ കണ്ണടച്ച് നിൽക്കുകയാണ്. ഷാർജ വിമാനത്താവളത്തിൽ നടത്തിയ പരിശോധന ഫലവും നെഗറ്റിവായിരുന്നു.
അഷ്റഫ് താമരശ്ശേരിയുടെ പോസ്റ്റിൻ്റെ പൂര്‍ണരൂപം:
രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുളള Air Arabia യുടെ വിമാനത്തിൽ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പിൽ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോൾ Result postive. താങ്കൾക്ക് നിയമപരമായി യാത്ര ചെയ്യുവാൻ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുളള വഴിയും കാണിച്ച് തന്നു.സമയം നോക്കിയപ്പോൾ രാത്രി 11 മണിയായി.24 മണിക്കൂറിന് മുമ്പ് എടുത്ത RTPCR ൻ്റെ Result ആണെങ്കിൽ നെഗറ്റീവും.ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി,ഒരു രക്ഷയുമില്ലാത്ത മറുപടി,ഗൾഫിൽ പോയി കൊറേണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടെത്തെ മെഷീനാണ് കുഴപ്പം,ഇവിടെ നിന്ന് പൊയക്കോ സമയം കളയാതെ എന്ന ദാർഷ്ഠ്യം കലർന്ന മറുപടിയും.ടാക്സി സ്റ്റാൻഡിൽ നിന്നും ഞാൻ ആലോചിക്കുകയായിരുന്നു.രണ്ട് മയ്യത്തുകളാണ് എൻ്റെ വരവും കാത്ത് മോർച്ചറിയിൽ കിടക്കുന്നത്.തീരെ ഒഴിവാക്കുവാൻ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും.ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിൻ്റെ കാര്യം പറഞ്ഞിട്ട് എന്ത് കാരൃം. ഒരു വഴിയും മുന്നിൽ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സിൽ ഒരു ആശയം കിട്ടിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്സിയിൽ നേരെ നെടുമ്പാശ്ശേരിക്ക് വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോകുന്ന IX 413 Air india express ൻ്റെ ടിക്കറ്റ് online ലൂടെ എടുക്കുകയും ചെയ്തു.വെളുപ്പാൻ കാലംം 4.45 ന് നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി.അരമണിക്കൂർ കഴിഞ്ഞ് Result വന്നപ്പോൾ നെഗറ്റീവ്. നോക്കു Trivandrum ത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ എൻ്റെ കോവിഡ് മാറിയോ,വെറും,7 മണിക്കൂർ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാൻ കഴിച്ചോ,പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്.നിങ്ങളുടെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്,അതുപോലെ നിങ്ങളുടെ മനോഭാവവും,ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടു.കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്ന് ആലോചിക്കണം.ഈ Quality യില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യുവാൻ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങൾ ഒഴിവാക്കണം.എത്രയോ പാവപ്പെട്ട പ്രവാസികളാണ് Result postive ആണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്.ഇത് മൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ ആര് തിരിച്ച് നൽകും.ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ,സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു.അധികാരികൾ ഇത്തരം കാരൃങ്ങൾക്ക് നേരെ കണ്ണടക്കരുത്.പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണം.
അഷ്റഫ് താമരശ്ശേരി
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAshrafthamaraserysocialworker%2Fposts%2F479996646817577&show_text=true&width=500