റിയാദ്: സൗദി അറേബ്യയിൽ ഒരു പള്ളിയിലേക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി നമസ്കരിച്ചുകൊണ്ടിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. ജിദ്ദ നഗരത്തിനോട് ചേർന്നുള്ള മുൻതസഹയിലെ അല്‍ അമാർ പള്ളിയിലാണ് അപകടം.
പള്ളിയില്‍ നമസ്കാരത്തിലായിരുന്ന ആളുകൾക്കാണ് പരിക്കേറ്റത്. റോഡ് ഓരത്തെ പള്ളിയുടെ ചുവര് ഭാഗികമായി തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ട്രാഫിക് വകുപ്പ് ട്വിറ്ററില്‍ അറിയിച്ചു. വിവരമറിഞ്ഞു സിവില്‍ ഡിഫന്‍സും ട്രാഫിക് പോലിസും രക്ഷാപ്രവര്‍ത്തനത്തിനു സ്ഥലത്തെത്തി.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെയും പള്ളിയിലുണ്ടായിരുന്നവരുടെയും ആരോഗ്യ സ്ഥിതി മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് അന്വേഷിച്ചു. പള്ളി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് പഠിക്കാനും കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അടിയന്തിര കമ്മിറ്റി രൂപീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.