ബാംബോലിം: ഐഎസ്എല്ലില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഒഡിഷ എഫ്.സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ഹൈദരാബാദ്. ബര്‍ത്തലോമ്യു ഓഗ്ബെച്ചെ ഹാട്രിക്ക് ഗോള്‍ നേടി.
ഒമ്പതാം മിനിറ്റില്‍ ജാവോ വിക്ടറിന്റെ പാസില്‍ നിന്ന് ഓഗ്ബെച്ചെ ആദ്യ ഗോള്‍ നേടി. 16-ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ ക്രോസ് ഹൈദരാബാദ് താരം യുവാനന്റെ നെഞ്ചിലിടിച്ച് സെല്‍ഫ് ഗോള്‍ ആയതോടെ ഒഡിഷ സമനില പിടിച്ചു.
39-ാം മിനിറ്റില്‍ എഡു ഗാര്‍സിയ എടുത്ത കോര്‍ണറില്‍ നിന്ന് ബുള്ളറ്റ് ഹെഡറിലൂടെ ഓഗ്ബെച്ചെ ഹൈദരാബാദിനെ വീണ്ടും മുന്നിലെത്തിച്ചു.
പിന്നാലെ 54-ാം മിനിറ്റില്‍ എഡു ഗാര്‍സിയ ഗോള്‍ നേടി. 60-ാം മിനിറ്റില്‍ ഓഗ്ബെച്ചെ ഹാട്രിക്ക് തികച്ചു. 72-ാം മിനിറ്റില്‍ ഹാവിയര്‍ സിവെരിയോ ഹൈദരാബാദിന്റെ ഗോള്‍ നേട്ടം അഞ്ചാക്കി. 86-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജാവോ വിക്ടര്‍ ഹൈദരാബാദിന്റെ ഗോള്‍ പട്ടിക തികച്ചു.
ജയത്തോടെ എട്ടു മത്സരങ്ങളില്‍ നിന്ന് 15 പോയന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.