കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ വയോധികനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 68-കാരനായ മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി.
അമ്പലവയലിന് സമീപം ആയിരംകൊല്ലിയിലാണ് വയോധികന്റെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെടുത്ത് അല്പസമയത്തിനുള്ളില് പെണ്‍കുട്ടികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവമുണ്ടായത്. പെൺകുട്ടികൾ താമസിച്ചിരുന്നത് മുഹമ്മദിന്റെ വാടകവീട്ടിലായിരുന്നു. അമ്മയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടികൾ മൊഴി നൽകി. കുട്ടികളുടെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പത്താംക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന വിദ്യാർഥിനികളാണ് കുറ്റം ചെയ്തതെന്നും ഇരുവരെയും ബുധനാഴ്ച ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി.