തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ ഗ്യാപ് അപ് നേട്ടത്തില്‍ തുടങ്ങിയ വിപണി ഏറിയ പങ്കും നിര്‍ണായക നിലവാരങ്ങള്‍ക്കു മുകളില്‍ നിലനില്‍ക്കാനായത് തിരിച്ചു വരവിന്റെ പാതയില്‍ തന്നെയാണെന്ന ശക്തമായ സൂചനയാണ് നല്‍കുന്നത്.ഇന്ന് എല്ലാ വിഭാഗം സൂചികളിലും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഓട്ടോ, ബാങ്കിംഗ് വിഭാഗം ഓഹരികളില്‍ വ്യക്തമായ മുന്നേറ്റം ദൃശ്യമായിരുന്നു.
ഇന്നലെ തളര്‍ച്ച നേരിട്ടിരുന്ന മീഡിയ വിഭാഗം ഓഹരികളിലാണ് ഏറ്റവുമധികം വില വര്‍ധനവ് നേടിയത്. വാര്‍ത്തകളിലിടം പിടിച്ച ആര്‍ബിഎല്‍ ബാങ്കിന്റെ ഓഹരികള്‍ ഇ്ന്ന് 3 ശതമാനത്തോളം തിരികെ കയറി. മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളിലും മികച്ച നിക്ഷേപ താത്പര്യം ദൃശ്യമായിരുന്നു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് അളക്കുന്ന വിക്സ് (VIX) 4 ശതമാനം ഇറങ്ങി 16.48-ലേക്ക് താഴുന്നു.
17,200-ന് മുകളില്‍ നിഫ്റ്റിക്ക് ക്ലോസ് ചെയ്യാനായതോടെ ഹ്രസ്വകാല ബുള്ളിഷ് ട്രെന്‍ഡിലേക്കുള്ള ചുവടു മാറ്റമാണെന്നും വിലയിരുത്തലുണ്ട്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 147 പോയിന്റ് നേട്ടത്തില്‍ 17,233-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 477 പോയിന്റ് നേട്ടത്തോടെ 57,897-ലും ചൊവ്വാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 125 പോയിന്റ് ഉയര്‍ന്ന് 35,183-ലും ക്ലോസ് ചെയ്തു.
എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,068 ഓഹരികളില്‍ 1,570 ഓഹരികളില്‍ വില വര്‍ധനവും 456 ഓഹരികളില്‍ വിലയിടിവും 4 എണ്ണം വില വ്യതിയാനമില്ലെതെയും ചൊവ്വാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 3.44 ആയി ഉയര്‍ന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും മികച്ച നിക്ഷേപ താത്പര്യം ഉടലെടുത്തതായാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ മൂന്നിന് മുകളിലായതിലൂടെ വ്യക്തമാകുന്നത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 404 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 93 കമ്ബനികള്‍ നഷ്ടത്തിലും 4 ഓഹരികളുടെ വില വ്യത്യാസമില്ലാതെയും ക്ലോസ് ചെയ്തു.