സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 327 റൺസിന് പുറത്ത്. മഴമൂലം പൂർണമായും നഷ്ടമായ രണ്ടാം ദിനത്തിനു ശേഷം മൂന്നാം ദിനം കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് 55 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ.
മൂന്നാം ദിനം മൂന്നിന് 272 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ഏഴു വിക്കറ്റുകൾ 49 റൺസിനിടെ നിലംപൊത്തി. ആറു വിക്കറ്റുകൾ വീഴ്ത്തിയ ലുങ്കി എൻഗിഡിയാണ് ഇന്ത്യയെ തകർത്തത്.
260 പന്തിൽ നിന്ന് ഒരു സിക്സും 16 ഫോറുമടക്കം 123 റൺസെടുത്ത കെ.എൽ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. താരത്തിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണിത്. വദേശ മണ്ണിൽ ആറാമത്തേതും. രഹാനെ 102 പന്തുകൾ നേരിട്ട് 48 റൺസെടുത്തു.
ഋഷഭ് പന്ത് (8), ആർ. അശ്വിൻ (4), ഷാർദുൽ താക്കൂർ (4) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി. 14 റൺസെടുത്ത ജസ്പ്രീത് ബുംറയ്ക്കാണ് പിന്നീട് രണ്ടക്കം കാണനായത്. ഷമി എട്ടു റൺസെടുത്ത് പുറത്തായി. സിറാജ് നാലു റൺസോടെ പുറത്താകാതെ നിന്നു.