ദോഹ: ഗാര്‍ഹിക തൊഴിലാളികളെ സ്പോണ്സറില് നിന്ന് ഒളിച്ചോടാന്‍ സഹായിക്കുകയും അനധികൃതമായി താസമിക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്തെന്ന കേസില്‍ ആഫ്രിക്കന്‍ സ്വദേശി അറസ്റ്റില്‍.സ്പോണ്‍സറിനു കീഴിലായി ജോലി ചെയ്ത ഒരോ രാജ്യക്കാരായ 15 ആഫ്രിക്കന്‍ വനിതകളെ ഒളിച്ചോടാന്‍ സഹായിച്ച പരാതിയില്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെര്‍ച് ആന്‍ഡ് ഫോളോഅപ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയതായി സെര്‍ച് ആന്‍ഡ് ഫോളോഅപ് വിഭാഗം അറിയിച്ചു. സ്പോണ്‍സറില്‍നിന്നും ഓടിപ്പോവുന്ന തൊഴിലാളികള്‍ക്ക് അഭയവും സംരക്ഷണവും ഒരുക്കി ഒളിച്ചുതാമസിപ്പിക്കുന്നത് കുറ്റകരമാണെന്നും, പൊതുജനങ്ങള്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
സഹായിച്ച വ്യക്തിയുടെയും, സ്ത്രീകളുടെയും ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തില്‍ അല്‍ സലാത്തയിലെ വാടകക്കെട്ടിടത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. പ്രതി കുറ്റം സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു.സ്പോണ്സര്ക്ക് കീഴില്‍ ജോലി ചെയ്ത വനിതകള്‍ക്ക്, പുറത്ത് സ്വകാര്യ വീടുകളില്‍ കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഇയാള്‍ ഒളിച്ചോടാന്‍ അനുവദിച്ചത്.