ദോഹ: ഗതാഗത നിയമലംഘനം നടത്തിയ വാഹനങ്ങള്‍ക്കും രജിസ്ട്രേഷന് നടപടിക്രമമായ ഇസ്തിമാറ പുതുക്കാന്‍ കഴിയുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്ട്രാഫിക് അറിയിച്ചു.വാഹനങ്ങള്‍ക്കെതിരായ നിയമലംഘന പരാതി പ്രത്യേകവിഭാഗത്തിലേക്ക് തുടര്‍നടപടികള്‍ക്കായി മാറ്റാനുള്ള സൗകര്യം വൈകാതെ പ്രാബല്യത്തില്‍ വരുമെന്നും ഖത്തര്‍ ടി.വിക്കു നല്കിയ അഭിമുഖത്തില്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് മാധ്യമ- ട്രാഫിക് ബോധവത്കരണ വിഭാഗം അസി. ഡയറക്ടര്‍ കേണല്‍ ജാബിര്‍ മുഹമ്മദ് റാഷിദ് ഉദൈബ പറഞ്ഞു.
ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് നടപ്പാക്കിയ പിഴ ഇളവുകാലം മാര്‍ച്ച് 17നാണ് അവസാനിക്കുന്നത്. തുടര്‍ന്ന് രാജ്യത്തെ ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനാണ് അധികൃതരുടെ നീക്കം.ഡിസംബര്‍ 18ന് ആരംഭിച്ച മൂന്നുമാസക്കാലത്തെ ഇളവ് പദ്ധതി പൂര്‍ത്തിയായ ശേഷമാവും പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിക്കുക. നിയമലംഘനമുള്ള വാഹനങ്ങളുടെ ഇസ്തിമാറ പുതുക്കല്‍ ഉള്‍പ്പെടെ നടപടികള്‍ മാര്‍ച്ച് 17നു ശേഷമായിരിക്കും പ്രാബല്യത്തില്‍ വരുക.
ഗതാഗത ലംഘനങ്ങളുടെ ഒത്തുതീര്‍പ്പ് കാലാവധി പരമാവധി പേര് പ്രയോജനപ്പെടുത്തണമെന്ന് ഉദൈബ പറഞ്ഞു. നിലവില്‍ ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴചുമത്തപ്പെട്ടവര് മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ 50 ശതമാനം പിഴ നല്കിയാല് മതിയാവും. മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴി ട്രാഫിക് ഫൈന്‍ അടച്ചുതീര്പ്പാക്കാവുന്നതാണ്. ദേശീയ ദിന സമ്മാനം എന്ന നിലയിലാണ് ഡിസംബര്‍ ആദ്യവാരത്തില്‍ അധികൃതര്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 18ന് നിലവില്‍ വന്നതിനു പിന്നാലെ നിരവധി പേര് അവസരം ഉപയോഗപ്പെടുത്തി കെട്ടിക്കിടന്ന പിഴത്തുക അടക്കുന്നതായും ഗതാഗത മന്ത്രാലയം അറിയിച്ചു.
‘വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് ഫൈന്‍ അടക്കാന്‍ രംഗത്തുവരും. മാസാവസാനം ശമ്ബളം ലഭിച്ചു തുടങ്ങുമെന്നതിനാല്‍, കൂടുതല്‍ പേര് ജനുവരി ആദ്യത്തില്‍ പിഴത്തുക ഇളവ് പദ്ധതി ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ. വാഹനങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഏതു തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്കും 50 ശതമാനം ഇളവ് ആനുകൂല്യം ലഭിക്കും’ -കേണല്‍ ഉദൈബ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ കുറക്കുന്നതിെന്റ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ നിയമനടപടികള്‍ കര്‍ക്കശമാക്കാനാണ് ട്രാഫിക് വിഭാഗത്തിെന്റ തീരുമാനം. അടുത്ത വര്‍ഷം നടപ്പാവുന്ന പുതിയ നടപടിക്രമങ്ങള്‍ പ്രകാരം പിഴ അടക്കാത്തവര്‍ക്ക് നിയമലംഘനങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ രണ്ടു മാസം സമയം നല്‍കും. അതിനുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.