ഓസ്ട്രേലിയയിലെ മെൽബണിൽ ജനവാസ മേഖലയ്ക്കു സമീപം ഡസൻ കണക്കിന് കംഗാരുകളെ കൊന്നൊടുക്കിയ നിലയിൽ. തലകളും അവയവങ്ങളും അറുത്തുമാറ്റിയ കംഗാരുകളുടെ ജഡങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായാണ് കണ്ടെത്തിയത്. അധികൃതരുടെ അനുമതിയോടെ കംഗാരുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഇവയെ കൊന്നൊടുക്കിയതെന്നാണ് നിഗമനം. ചേൺസൈഡ് പാർക്ക് എന്ന പ്രദേശത്തെ ഒരു വയലിനു സമീപമാണ് ഇരുപതിലധികം കംഗാരുകളുടെ ജഡങ്ങൾ കണ്ടെത്തിയത്. ചില കംഗാരുകളുടെ നഖങ്ങളും ചെവികളും മുറിച്ചു നീക്കപ്പെട്ട നിലയിലായിരുന്നു. ഇവയുടെ ആന്തരികാവയവങ്ങളും പ്രദേശമാകെ ചിതറിക്കിടന്നിരുന്നു.
അതിക്രൂരമായ രീതിയിലാണ് ഇവ കൊലചെയ്യപ്പെട്ടത് എന്നത് വ്യക്തമാണ്. മറ്റേതോ സ്ഥലത്തുവച്ച് കൂട്ടമായി കൊന്നൊടുക്കിയ ശേഷം വയലിനു സമീപത്തേക്ക് ജഡങ്ങൾ കൊണ്ടുവന്നു തള്ളുകയായിരുന്നു. എന്നാൽ ഭരണകൂടത്തിന്റെ അനുമതിയോടെ കൊലചെയ്യപ്പെട്ടവയാണിത്. വിക്ടോറിയയിൽ ഈസ്റ്റേൺ, വെസ്റ്റേൺ ഇനങ്ങളിൽപെട്ട ഗ്രേ കംഗാരുകളെ വാണിജ്യ ആവശ്യങ്ങൾക്കായി കൊലചെയ്യുന്നതിന് 2019 ഒക്ടോബർ ഒന്നുമുതൽ നിയമാനുമതിയുണ്ട്. വിക്ടോറിയൻ കംഗാരു ഹാർവെസ്റ്റ് മാനേജ്മെന്റ് പ്ലാൻ പ്രകാരമാണ് ഈ അനുമതി. എന്നാൽ സർക്കാരിന്റെ വെബ്സൈറ്റ് പ്രകാരം കംഗാരുകളെ കൊല്ലുന്നത് മനുഷ്യത്വപരമായ രീതിയിലും പരിസ്ഥിതിക്ക് ദോഷം വരുത്താതെയുമാകണം എന്ന് നിർബന്ധമാണ്. ഇതിനുപുറമേ അംഗീകാരം ലഭിച്ചവർക്ക് മാത്രമേ ഇവയെ കൊല്ലാൻ അനുവാദമുള്ളൂ.
കംഗാരുകളുടെ എണ്ണം മൂലം വലിയതോതിൽ ശല്യമുണ്ടാകുന്ന പ്രദേശങ്ങളിൽ മാത്രമേ ഇത്തരമൊരു നിയമം നടപ്പിലാക്കേണ്ട കാര്യമുള്ളൂ എന്നതാണ് സ്ഥലവാസികളുടെ അഭിപ്രായം. നിലവിൽ കൂട്ടക്കൊല നടന്നിരിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് കംഗാരുകളെകൊണ്ട് ഇന്നോളം ശല്യമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇവർ വിശദീകരിച്ചു. അതേസമയം കംഗാരുകളെ കൂട്ടക്കൊല ചെയ്യുന്ന സംഭവങ്ങൾ വിക്റ്റോറിയൻ കംഗാരു അലയൻസ് എന്ന സംഘടന രേഖപ്പെടുത്തിവരികയാണ്.
https://www.youtube.com/watch?v=B_M-Tdu7ed4