തായ്ലൻഡിന്റെ പുരാതന തലസ്ഥാനമായ ആയുത്തായയിലെ ഏറ്റവും വിശുദ്ധമായ ബുദ്ധക്ഷേത്രമാണ് വാട്ട് ഫ്രാ സി സാൻഫെറ്റ്. പില്ക്കാലത്ത് ബാങ്കോക്കിലെ വാട്ട് ഫ്രാ ക്യൂവിന് മാതൃകയായത് വാട്ട് ഫ്രാ സി സാൻഫെറ്റ് എന്ന ഈ ക്ഷേത്രമാണ്. അന്നുണ്ടായിരുന്നതില് വച്ച് ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നായിരുന്നു ഇത്. രാജകീയ ക്ഷേത്രമായിരുന്ന ഇവിടെ രാജകുടുംബത്തിലെ അംഗങ്ങൾ മാത്രമാണ് സന്ദര്‍ശനം നടത്തിയിരുന്നത്. സന്യാസിമാര്‍ ഇല്ലാത്ത ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
പതിനാലാം നൂറ്റാണ്ടില്‍ നിര്‍മാണം ആരംഭിച്ച ഈ ക്ഷേത്രം, 1767 കാലഘട്ടത്തില്‍ ബർമീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. മൂന്നു കൂറ്റൻ സ്തൂപങ്ങൾ മാത്രമാണ് ബാക്കിയായത്. പിന്നീട്, 1956-ൽ ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തില്‍ ഇവ പുനഃസ്ഥാപിച്ചു. നശിച്ചുപോയ മൂന്നു ബുദ്ധസ്തൂപങ്ങള്‍ പുനസ്ഥാപിച്ച്, ക്ഷേത്രം ഇപ്പോള്‍ പുതുക്കിപ്പണിഞ്ഞതും സുന്ദരമായ കാഴ്ചയാണ്. വാട്ട് ഫ്രാ സി സാൻഫെറ്റിന്റെ മധ്യഭാഗത്ത്, മണിയുടെ ആകൃതിയില്‍ ക്ലാസിക്, സിലോണീസ് ഡിസൈനില്‍ നിര്‍മിച്ച ബുദ്ധസ്തൂപങ്ങളില് സ്വർണ്ണം പൂശിയിട്ടുണ്ട്. കുത്തനെയുള്ള പടികളിലേക്ക് നയിക്കുന്ന ചെറിയ ചാപ്പലുകൾ എല്ലായിടത്തും കാണാം. ചാപ്പലുകളുടെ മേൽക്കൂരയ്ക്ക് മുകളിൽ ചെറിയ ബുദ്ധസ്തൂപങ്ങളുണ്ട്. ബുദ്ധന്റെ കാൽപ്പാടുകൾ പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മണ്ഡപവും കാണാം. കിഴക്ക് നിന്നും പടിഞ്ഞാറ് ദിശയിലേക്കാണ് ക്ഷേത്രത്തിന്റെ പ്രധാന ഘടനകൾ വിന്യസിച്ചിരിക്കുന്നത്.
16 മീറ്റർ ഉയരമുള്ള, സ്വർണം പൂശിയ ബുദ്ധന്റെ പ്രതിമയായിരുന്നു മറ്റൊരു പ്രധാന കാഴ്ച. ഏകദേശം 340 കിലോ സ്വര്‍ണം പൂശിയതായിരുന്നത്രേ ഈ ബുദ്ധപ്രതിമ. രാജാവിന്റെ സഭ കൂടുന്ന ഹാളിലായിരുന്നു ഈ പ്രതിമ പ്രദര്‍ശിപ്പിച്ചിരുന്നത്. ബർമീസ് അധിനിവേശസമയത്ത്, കനത്തിൽ സ്വർണം പൂശിയ ഈ പ്രതിമയേയും അവര്‍ വെറുതെ വിട്ടില്ല. സ്വർണം ഉരുക്കി ബർമയിലേക്ക് കൊണ്ടുപോയി. ബാക്കി വന്ന വെങ്കല കോർ ബാങ്കോക്കിലേക്കും കടത്തി.ബുദ്ധന്റെ ചിത്രങ്ങളാൽ നിറഞ്ഞ മതിലും മേൽക്കൂരയുമുള്ള ഗാലറിയുണ്ട് ഇവിടെ. കിഴക്കൻ ഭാഗത്തെ ഖനന പ്രവർത്തനങ്ങൾക്കിടയിൽ, ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റ് ധാരാളം മിനിയേച്ചർ സ്തൂപങ്ങള്‍ കണ്ടെടുത്തു.
https://www.youtube.com/watch?v=17akGUsT6_M