ഈ വർഷമാദ്യം, പുണെ നഗരത്തിൽ താമസിക്കുന്ന രാജയും പ്രീതി നരസിംഹനും ഒരു സന്ദേശവുമായി ഇന്ത്യയിലുടനീളം ഒരു റോഡ് യാത്ര ആരംഭിച്ചു. ‘പൊതുഇടങ്ങളിൽ പരസ്യമായി തുപ്പുന്നത് നിർത്തുക’ ഈ സന്ദേശവുമായായിരുന്നു ഇവരുടെ യാത്ര. തുപ്പൽ വിരുദ്ധ മുദ്രാവാക്യങ്ങൾ സ്റ്റിക്കറുകളായി നിറച്ച കാറുമായി നടന്ന് ഈ ദമ്പതികൾ ലൗഡ് സ്പീക്കർ മുഴക്കി സന്ദേശം ഇന്ത്യക്കാരോട് പറഞ്ഞുകൊണ്ട് ഇരുന്നു.
2010 മുതൽ തുപ്പൽ ബാധയ്‌ക്കെതിരെ പോരാട്ടം നയിക്കുന്നവരാണ് രാജയും പ്രീതി നരസിംഹനും. വർക്ക്‌ഷോപ്പുകൾ, ഓൺലൈൻ, ഓഫ്‌ലൈൻ കാമ്പെയ്‌നുകൾ, പ്രാദേശിക മുനിസിപ്പാലിറ്റികളുമായുള്ള ശുചീകരണ ശ്രമങ്ങൾ – എല്ലാം അവർ ചെയ്തു. ഒരുവശത്ത് അവർ ക്യാമ്പയിനുമായി മുന്നോട്ട് പോകുമ്പോൾ തന്നെ മറുവശത്ത് നമ്മൾ മത്സരിച്ച് പൊതു നിരത്തുകളിൽ തുപ്പികൊണ്ടേയിരിക്കുകയായിരുന്നു.
കേരളത്തിനകത്തും ഇന്ത്യയിലുടനീളവും യാത്ര ചെയ്തവർക്കറിയാം രാജയും പ്രീതിയുമെല്ലാം എന്താണ് എതിർക്കുന്നതെന്ന്. കേരളത്തിൽ താരതമ്യേനെ കുറവ് ആണെങ്കിലും ഇന്ത്യയിലെ മറ്റിടങ്ങളിൽ സ്ഥിതി അംങ്ങനെയല്ല. മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ ഉമിനീർ തെരുവുകളെ അലങ്കരിക്കുന്നു. ചിലപ്പോൾ പുകയില ചേർത്ത വെറ്റില മുറുക്ക്, അല്ലെങ്കിൽ പാൻ ഇതിന്റെയെല്ലാം ചുവപ്പും പച്ചയുമെല്ലാം നിറങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് പല മതിലുകളും. കൊൽക്കത്ത നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഹൗറ പാലത്തിന് പോലും ഇന്ത്യക്കാരുടെ തുപ്പൽ ഭീഷണിയാണ്.
തുപ്പി തോൽപ്പിക്കുന്നവർ രാജ്യത്തുടനീളം ഉള്ളതിനാൽ തന്നെ രാജയും പ്രീതി നരസിംഹനും ഉൾപ്പെടെയുള്ളവർക്ക് രാജ്യത്തുടനീളം ക്യാമ്പയിനുമായി ഇപ്പോഴും നടക്കേണ്ടി വരുന്നു. തെരുവുകളെയും കെട്ടിടങ്ങളെയും പാലങ്ങളെയും പരസ്യമായി തുപ്പുന്നതിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് ഇവർ ആഗ്രഹിക്കുന്നത്. അവർ താമസിക്കുന്ന പൂനെ നഗരത്തിലെ റെയിൽവേ സ്‌റ്റേഷനിലെ ഭിത്തിയിൽ പാൻ കറകൾ കളയാൻ അവർ ഒരിക്കൽ പെയിന്റ് ചെയ്തു. എന്നാൽ ഇതിന് മൂന്നാം നാൾ ആ ഭിത്തി വേണ്ടി തുപ്പൽ കേന്ദ്രമായി മാറി.
“മതിലിൽ ആളുകൾക്ക് തുപ്പാൻ ഒരു കാരണവുമില്ല!” അവർ ബിബിസിയോട് പറയുന്നു. അവരുടെ ഉപദേശങ്ങളോടുള്ള പ്രതികരണങ്ങൾ നിസ്സംഗത മുതൽ കോപം വരെയാണ്. പ്രീതിയോട് ഒരാൾ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു “എന്താണ് നിങ്ങളുടെ പ്രശ്നം? ഇത് നിങ്ങളുടെ പിതാവിന്റെ സ്വത്താണോ?”
എന്നാൽ ഇന്ത്യയിൽ ആഞ്ഞടിച്ച കോവിഡ് -19 തരംഗം ചില കാര്യങ്ങൾ മാറ്റിമറിച്ചു എന്ന് പ്രീതി നരസിംഹൻ പറയുന്നു. ചിലർ പൊതുവഴിയിൽ തുപ്പിയതിന് ക്ഷമാപണം പോലും നടത്തിയ സംഭവങ്ങളുണ്ടായതായി അവർ പറയുന്നു. ‘കോവിഡ് മഹാമാരിയെക്കുറിച്ചുള്ള ഭയം അവരെ ചിന്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു’ – അവർ പറഞ്ഞു.
‘തുപ്പുന്ന രാജ്യം’
തെരുവിൽ തുപ്പുന്നതിനെതിരായ ഇന്ത്യയുടെ പോരാട്ടം എപ്പോഴും പാതി മനസോടെയായിരുന്നു. പൊതുസ്ഥലത്ത് തുപ്പുകയോ മാലിന്യം തള്ളുകയോ മൂത്രമൊഴിക്കുകയോ ചെയ്യരുതെന്ന് ആളുകളെ നേരിടാനായി പ്രത്യേകം ഇൻസ്പെക്ടർമാരെ തന്നെ നിയമിച്ച് മുംബൈ ഭരണകൂടം നടത്തിയ പോരാട്ടമായിരുന്നു എടുത്ത് പറയേണ്ട ഒന്ന്. എന്നാൽ വേണ്ടത്ര ഫലം അതിനും ലഭിച്ചില്ല. മാലിന്യവും മൂത്രമൊഴിക്കലും കുറഞ്ഞെങ്കിലും തുപ്പൽ നിർബാധം തുടർന്നു.
പിന്നീട് കോവിഡ് വന്നു. വൈറസിന്റെ വ്യാപനം വായുവിലൂടെ പകരുമെന്ന വാർത്തകൾ തുപ്പലിന് കുറവ് വരുത്തി. ദുരന്ത നിവാരണ നിയമപ്രകാരം തുപ്പുന്നതിന് കുത്തനെയുള്ള പിഴയും ജയിൽ ശിക്ഷയും നൽകി ഉദ്യോഗസ്ഥർ നടപടിയിലേക്ക് നീങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പൊതുസ്ഥലങ്ങളിൽ തുപ്പരുതെന്ന് ഉപദേശിച്ചു
2016-ൽ തുപ്പൽ ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അന്നത്തെ ആരോഗ്യമന്ത്രി പാർലമെന്റിൽ പറഞ്ഞത് ഏറെ വിചിത്രമായ മറുപടിയായിരുന്നു. “സർ, ഇന്ത്യ തുപ്പുന്നവരുടെ രാജ്യമാണ്, ബോറടിക്കുമ്പോൾ നമ്മൾ തുപ്പുന്നു, ക്ഷീണിക്കുമ്പോൾ തുപ്പുന്നു, നമുക്ക് ദേഷ്യം വരുമ്പോൾ അല്ലെങ്കിൽ മറ്റേത് സാഹചര്യത്തിലും നമ്മൾ തുപ്പുന്നു, അങ്ങനെ നമ്മൾ എവിടെയും ഏത് സമയത്തും തുപ്പും.”
മന്ത്രിയുടെ മറുപടി വിചിത്രമാണെങ്കിലും അത് തന്നെയാണ് ഇന്ത്യയിൽ നടക്കുന്നത് ഇന്ത്യയിലെ തെരുവുകളിൽ തുപ്പൽ വളരെ സാധാരണമാണ്. തെരുവോരത്ത് ഇരിക്കുന്ന പുരുഷന്മാരുടെ കൂട്ടം മുതൽ എല്ലാവരും റോഡിൽ തുപ്പുന്നു. കാറുകളും ബൈക്കുകളും ഓട്ടോറിക്ഷകളും ഓടിക്കുന്ന പുരുഷൻമാർ ട്രാഫിക് ലൈറ്റുകളിൽ തല നീട്ടി തുപ്പാൻ മടിക്കാറില്ല. ഒരാൾ തൊണ്ട കൊണ്ട് പ്രത്യേക ശബ്ദം ഉണ്ടാക്കുന്നത് കേട്ടാൽ അയാൾ പൊതു നിരത്തിൽ തുപ്പാൻ പോവുകയാണെന്ന് ഉറപ്പിക്കാം.
പ്രത്യേകമായി എടുത്ത് പറയേണ്ടത് വഴിയിൽ തുപ്പി നശിപ്പിക്കുന്നവരിൽ 99 ശതമാനവും പുരുഷന്മാരാണ്. ബഹുഭൂരിപക്ഷം സ്ത്രീകളും ഇത്തരം പ്രവർത്തികൾ ചെയ്യാറില്ല. തുപ്പൽ മാത്രമല്ല, വഴിയിൽ മൂത്രമൊഴിക്കുന്നവരുടെ കൂട്ടത്തിലും സ്ത്രീകൾ ഇല്ല. സ്ത്രീകളുടെ മാന്യത ഇക്കാര്യത്തിൽ പുരുഷൻ കാണിക്കാറില്ല. ശരീരത്തിൽ നിന്ന് പുറത്തുവരുന്നതെല്ലാം ഉടൻ വഴിയിൽ കളയാനുള്ളതാണെന്ന ചിന്തയാണ് പുരുഷനുള്ളത്. അതിനുള്ള സ്ഥലങ്ങളിൽ ഇത്തരം കാര്യങ്ങൾ നടത്തുന്നത് വരെ സ്വയം നിയന്ത്രിക്കുക എന്നൊന്ന് പുരുഷന് അറിയില്ല.
എന്തിനാണ് പൊതുസ്ഥലത്ത് തുപ്പുന്നത്?
ദേഷ്യം മുതൽ “ടൈംപാസ്” (അവർക്ക് ഇതിലും മെച്ചമായി ഒന്നും ചെയ്യാനില്ല), അല്ലെങ്കിൽ തുപ്പുന്നത് അവരുടെ അവകാശമാണെന്ന് അവർക്ക് തോന്നുന്നു എന്നൊക്കെയാണ് ഇതിന്റെ കാരണങ്ങൾ എന്ന് താൻ കണ്ടെത്തിയതായി പ്രീതി നരസിംഹൻ പറയുന്നു.
ചരിത്രകാരനായ മുകുൾ കേശവന്റെ അഭിപ്രായത്തിൽ, ഇത് “മലിനീകരണത്തോടുള്ള ഒരു ഇന്ത്യൻ അഭിനിവേശത്തിൽ നിന്നും അത് എങ്ങനെ ഒഴിവാക്കാം” എന്നതിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. വീടിന് പുറത്ത് വൃത്തികെട്ടതെന്തും പുറന്തള്ളുന്നതിലൂടെ ശരീരശുദ്ധി നിലനിർത്തുന്നതിനുള്ള ഹൈന്ദവ, ഉയർന്ന ജാതി സങ്കൽപ്പങ്ങളിൽ ഈ അഭിനിവേശം കണ്ടെത്താൻ കഴിയുമെന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. തുപ്പാനുള്ള മനോഭാവം ശുചിത്വത്തിന്റെ ചോദ്യങ്ങളെ മറികടക്കുന്നു എന്ന് മുഖർജി പറയുന്നു.
തുപ്പലിനെതിരായ യുദ്ധം
എല്ലായിടത്തും ആളുകൾ എല്ലായിടത്തും തുപ്പുന്ന ഒരു കാലമുണ്ടായിരുന്നു.. ഇന്ത്യയിൽ, രാജകീയ കോടതികളിൽ തുപ്പൽ ആഘോഷിച്ചിരുന്നു. പല വീടുകളിലും ഗ്രാൻഡ് സ്പിറ്റൂണുകൾ ഒരു കേന്ദ്രമായിരുന്നു. നമ്മുടെ നാട്ടിൽ തന്നെ കല്യാണ വീടുകളിൽ കൂട്ടമായി ഇരുന്ന് മുറുക്കിത്തുപ്പുന്ന ശീലം ഉണ്ടായിരുന്നു.
യൂറോപ്പിൽ, മധ്യകാലഘട്ടത്തിൽ, ഭക്ഷണം കഴിക്കുമ്പോൾ മേശയുടെ അടിയിയിലേക്ക് തല നീക്കി തുപ്പുമായിരുന്നു. ഉമിനീർ പിന്നിലേക്ക് വലിച്ചെടുക്കുന്നത്” മര്യാദയില്ലാത്തതാണ്. അതിനാൽ എവിടെയായാലും തുപ്പമെന്ന് ഇറാസ്മസ് എഴുതിയാതായി രേഖകൾ പറയുന്നു. 1908-ൽ ഒരു മസാച്യുസെറ്റ്സ് ഹെൽത്ത് ഇൻസ്പെക്ടർ, താൻ സന്ദർശിച്ച എല്ലാ ഫാക്ടറികളിലും തയ്യൽക്കാർ തറയിൽ തുപ്പുന്നത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, അവർ തറയിൽ തുപ്പുന്നു, പിന്നെ അവരുടെ പോക്കറ്റുകളിൽ തുപ്പണമെന്ന് ആണോ നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്നവർ തിരിച്ചു ചോദിച്ചതായായി റിപ്പോർട്ടിൽ പറയുന്നു.
ബ്രിട്ടനിലും കാര്യങ്ങൾ കൂടുതൽ മെച്ചമായിരുന്നില്ല, അവിടെ ട്രാം കാറുകളിൽ തുപ്പുന്ന ആളുകൾക്ക് പിഴ ചുമത്തുകയും മെഡിക്കൽ സമൂഹം ഇതിനെതിരെ നിയമം ആവശ്യപ്പെടുകയും ചെയ്യുന്നതു പതിവായിരുന്നു. ക്ഷയരോഗത്തിന്റെ വ്യാപനമാണ് പാശ്ചാത്യരുടെ ഈ ശീലത്തിന് ഒടുവിൽ തിരിച്ചടി നൽകിയത്. 19-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ 20-ആം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലഘട്ടത്തിൽ അണു സിദ്ധാന്തത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അവബോധം നിർണായക പങ്ക് വഹിച്ചുവെന്ന് ഫാന്റം പ്ലേഗ്: ഹൗ ട്യൂബർകുലോസിസ് ഷേപ്പ്ഡ് ഹിസ്റ്ററിയുടെ രചയിതാവും പത്രപ്രവർത്തകനുമായ വിദ്യാ കൃഷ്ണൻ പറയുന്നു.
“രോഗാണുക്കൾ എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചുള്ള അവബോധം പുതിയ സാമൂഹിക ശീലങ്ങൾക്കും ആചാരങ്ങൾക്കും കാരണമായി. ആളുകൾ അവരുടെ തുമ്മലും ചുമയും മറയ്ക്കാനും ഹസ്തദാനം നിരസിക്കാനും കുഞ്ഞിനെ ചുംബിക്കാതിരിക്കാനും പഠിച്ചു. അവരുടെ ശുചിത്വത്തെക്കുറിച്ചുള്ള ഗാർഹിക അവബോധം പുറത്തേക്കും പ്രസരിച്ചു.”
ടിബി പോലുള്ള പകർച്ചവ്യാധികൾ പടരാൻ കാരണമാകുന്ന തുപ്പൽ പോലുള്ള പ്രവർത്തികളിൽ നിന്ന് അവർ പിന്മാറിയതോടെ മനുഷ്യരിൽ അത് പുതിയൊരു പെരുമാറ്റ ശീലത്തിനും തുടക്കമിട്ടു എന്ന് വിദ്യ കൃഷ്ണൻ പറയുന്നു.
എന്നാൽ ഇന്ത്യക്ക് ഈ പ്രശ്നം മറികടക്കാൻ നിരവധി കടമ്പകൾ ഉണ്ടെന്ന വിദ്യ കൃഷ്ണൻ പറയുന്നു. ഈ ശീലം അവസാനിപ്പിക്കാൻ സർക്കാരുകൾ ഒരിക്കലും കഠിനമായി ശ്രമിച്ചിട്ടില്ല. തുപ്പൽ ഇപ്പോഴും സാമൂഹികമായി ഇന്ത്യയിൽ സ്വീകാര്യമാണ്. അത് പുകയില ചവയ്ക്കുന്നതോ, നമ്മുടെ സിനിമകളിൽ ആണത്തം കാണിക്കാനുള്ള മുറുക്കി തുപ്പലുകളോ എല്ലാം ഇപ്പോഴും സ്വീകാര്യമാണ്.
അതേസമയം തന്നെ സ്പിറ്റൂണുകളുടെ അഭാവത്തെക്കുറിച്ച് പ്രീതി നരസിംഹൻ ചൂണ്ടി കാണിക്കുന്നു. “എനിക്ക് തുപ്പേണ്ടി വന്നാലും ഞാൻ എവിടെ തുപ്പും?” ആളുകൾ ചോദിക്കുന്നു. “കൊൽക്കത്തയിലെ കുട്ടിക്കാലത്ത്, മണൽ നിറച്ച വിളക്കുകാലുകളിൽ തുപ്പലുകൾ കെട്ടിയിരുന്നത് ഞാൻ ഓർക്കുന്നു. അത് അപ്രത്യക്ഷമായി, ആളുകൾ എല്ലായിടത്തും തുപ്പുന്നു.” – പ്രീതി പറയുന്നു
തുപ്പുന്നത് കൊണ്ടുള്ള ദോഷത്തെ കുറിച്ച് ബോധ്യപ്പെടുത്താതെ വെറുതെ ശിക്ഷിക്കുന്നത് ഈ ശീലത്തിനെതിരെയുള്ള യുദ്ധത്തിൽ വിജയിക്കില്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് കാലത്ത് കുറഞ്ഞുവന്നിരുന്ന തുപ്പുന്ന ശീലം വീണ്ടും പഴയ അവസ്ഥയിലേക്ക് മാറുകയാണ്. ഇത് വീണ്ടും കോവിഡിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് മിക്ക ആളുകൾക്കും അറിയില്ല. ഈ അജ്ഞത പരിഹരിക്കാൻ കഴിഞ്ഞാൽ അവർക്ക് അൽപ്പമെങ്കിലും മാറ്റാൻ കഴിയും.
അതിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് രാജയും പ്രീതി നരസിംഹനും. തങ്ങളുടെ സമയം പാഴാക്കിയാലും കുഴപ്പമില്ല. 2% ആളുകളുടെ മനോഭാവത്തിൽ എങ്കിലും മാറ്റമുണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചാൽ, ഞങ്ങൾ ഈ ലോകത്ത് ഒരു മാറ്റം സൃഷ്ട്ടിച്ചു. ഞങ്ങൾ ശ്രമം തുടരുകയാണ്.
കടപ്പാട്: അപർണ അല്ലൂരി, ബിബിസി