കൊച്ചി: എറണാകുളം പോണേക്കരയില്‍ വൃദ്ധദമ്പതികളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി റിപ്പര്‍ ജയാനന്ദനെന്ന് പൊലീസ് കണ്ടെത്തി. 17 വര്‍ഷത്തിനുശേഷമാണ് പ്രതിയെ തിരിച്ചറിയുന്നത്.2004ല്‍ വൃദ്ധരായ സഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 40 പവന് കവര്‍ന്ന സംഭവമാണ് പൊണേക്കര കൊലക്കേസ്.
എഡിജിപി എസ് ശ്രീജിത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിവരം പുറത്തുവിട്ടത്. . 2004 മെയ് 30 നാണ് പോണേക്കരയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സമ്പൂര്‍ണ വീട്ടില്‍വച്ച് 74 വയസുള്ള സ്ത്രീയെയും, സഹോദരന് രാജന് സ്വാമി (60) യേയും തലക്കടിച്ച് കൊലപ്പെടുത്തിയത്.മറ്റ് കൊലപാതക കേസുകളില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് ജയാനന്ദന്.
സഹതടവുകാരോട് കുറ്റകൃത്യം പങ്കുവച്ചതോടെയാണ് പ്രതിയിലേക്ക് ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്. സംഭവ ദിവസം ഇയാളെ പ്രദേശത്ത് കണ്ടതായി കേസിലെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. അവര്‍ നല്കിയ വിവരണവും കേസന്വേഷണത്തെ സഹായിച്ചതായി പൊലീസ് അറിയിച്ചു.
ചോദ്യം ചെയ്യലില്‍ ജയാനന്ദന് കുറ്റം സമ്മതിച്ചതായും ഡിസംബര്‍ 24ന് ഇയാളുടെ അറസ്റ്ര് രേഖപ്പെടുത്തിയതായും എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ഏഴോളം കൊലക്കേസിലും പതിനാലോളം മോഷണ കേസിലും പ്രതിയായ റിപ്പര്‍ ജയാനന്ദന് തടവിലിരിക്കെ ജയില്‍ ചാടിയശേഷം പിടിയിലായിട്ടുണ്ട്. മാള ഇരട്ടകൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമാക്കി.