ന്യൂഡല്‍ഹി: ഇലക്‌ട്രിക് വാഹന വിപണിയില്‍ ടാറ്റ മോട്ടോഴ്‌സിൻറെ ഔദ്യോഗിക പുതിയ സ്ഥാപനം രൂപീകരിച്ചു.തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായിട്ടാണ് ടാറ്റ പാസഞ്ചര്‍ ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡ് (ടിപിഇഎംഎല്‍) എന്ന പേരിൽ കമ്പനി പുറത്തിറക്കുന്നത്.700 കോടിയുടെ പ്രാരംഭ മൂലധനത്തോടെയാണ് പുതിയ സബ്സിഡിയറി സ്ഥാപിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ടാറ്റ മോട്ടോഴ്സിന്റെ പുതിയ ടിപിഇഎംഎല്‍ സബ്സിഡിയറിക്ക് 2021 ഡിസംബര്‍ 21-നാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ നിന്ന് ഇന്‍കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ടിപിഇഎംഎല്‍ന്റെ പ്രമോട്ടര്‍ എന്ന നിലയില്‍, പുതിയ സബ്സിഡിയറിയില്‍ ടാറ്റ മോട്ടോഴ്സിന് 100 ശതമാനം ഓഹരിയുണ്ട്.
ഇലക്‌ട്രിക് വാഹനങ്ങളുമായും ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങളുമായും ബന്ധപ്പെട്ട സേവനങ്ങളുടെ നിര്‍മ്മാണം, രൂപകല്‍പ്പന, വികസനം എന്നിവ ടിപിഇഎംഎല്‍ നോക്കും. ടാറ്റ മോട്ടോഴ്സ് അടുത്തിടെ ടിപിജി റൈസ് ക്ലൈമറ്റുമായി കൈകോര്‍ത്ത് സഹ നിക്ഷേപകരുമായി ചേര്‍ന്ന് 7,500 കോടി രൂപയുടെ ഫണ്ട് സ്വരൂപിച്ചിരുന്നു.2026 സാമ്പത്തിക വര്‍ഷത്തോടെ 10 ഇലക്‌ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.
കമ്പനിയുടെ നിലവിലെ ഇവി ലൈനപ്പില്‍ നെക്‌സോണ്‍ ഇവി , ടിഗോര്‍ ഇവി, ടിയാഗോ ഇവി എന്നിവ ഉള്‍പ്പെടുന്നു. ആള്‍ട്രോസ് ഇവിയും പഞ്ച് അധിഷ്ഠിത ഇവിയും കമ്ബനി ഉടന്‍ അവതരിപ്പിക്കും. ടിഗോര്‍, ടിയാഗോ, നെക്‌സോണ്‍ എന്നിവയുടെ സിഎന്‍ജി പതിപ്പുകള്‍ ടാറ്റ പുറത്തിറക്കും. ഭാവിയിലെ സിഎന്‍ജി വാഹനങ്ങള്‍ പുതിയ മള്‍ട്ടി എനര്‍ജി പ്ലാറ്റ്‌ഫോമുകളിലാണ് നിര്‍മ്മിക്കുന്നത്. കമ്ബനിയുടെ ഭാവി യാത്രാ വാഹന നിരയില്‍ പെട്രോള്‍, ഡീസല്‍, ഇലക്‌ട്രിക്, സിഎന്‍ജി എന്നിവ ഉള്‍പ്പെടും.