ദുബായ്: കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയില്‍ വിലക്കേര്‍പ്പെടുത്തി. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ഏഴര മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നു.
ഈ രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ട്രാന്‍സിറ്റ് യാത്രക്കാര്‍, 14 ദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ എന്നിവരും നിയന്ത്രണ പരിധിയില്‍ ഉള്‍പ്പെടും.
യുഎഇയില്‍ നിന്നും ഈ രാജ്യങ്ങളിലേയ്ക്കുള്ള സര്‍വീസ് തുടരും. നയതന്ത്രപ്രതിനിധികള്‍, ഗോള്‍ഡന്‍ വീസയുള്ളവര്‍, യു എ ഇ പൗരന്മാര്, കുടുംബാംഗങ്ങള്‍ എന്നിവരെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ യാത്രയുടെ 48 മണിക്കൂറിനകമുള്ള കൊവിഡ് പരിശോധനാ ഫലം, പുറപ്പെടുന്ന വിമാനത്താവത്തില്‍ നിന്ന് ആറ് മണിക്കൂറിനകമുള്ള റാപിഡ് പി സി ആര് പരിശോധനാ ഫലം എന്നിവ കൈയില്‍ കരുതണം.
യുഎഇ വിമാനത്താവളത്തിലും പി സി ആര് പരിശോധനയുണ്ടാകും. കഴിഞ്ഞ ആഴ്ച കോംഗോയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.