കുതിരാൻ: ദേശീയ പാതയിൽ ഇരുമ്പുപാലം വില്ലൻ വളവിൽ ടാങ്കർ മറിഞ്ഞു. നിർമാണം നടക്കുന്ന സർവീസ് റോഡിലൂടെ പാലക്കാട്ടു ഭാഗത്തേക്കു പോയ ലോറിയുടെ ചക്രം മണ്ണിൽ താഴ്ന്നതോടെ മറിയുകയായിരുന്നു. ടാങ്കറിന്റെ 2 അറകളിൽ ഡീസലും ഒരു അറയിൽ പെട്രോളും ഉണ്ടായിരുന്നു. നേരിയ തോതിൽ പെട്രോൾ ചോർന്നു.
കുതിരാൻ തുരങ്കത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിനു മുന്നിലെ പഴയ റോഡിലൂടെ വാഹനങ്ങളെ കടത്തിവിട്ടിരുന്നു. ഇങ്ങനെ വന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ഇതോടെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായി. പൊലീസും അഗ്നിരക്ഷാ സേനയും ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് ലോറി ഉയർത്തിയത്.