ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ കർക്കശമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് ആശങ്കജനകമായ സാഹചര്യമില്ലെങ്കിലും പ്രതിരോധ വാക്സിെൻറ ബൂസ്റ്റർ ഡോസ് നൽകുന്നതിന് വേഗം കൂട്ടും. സുരക്ഷ മുൻകരുതലുകൾ കർക്കശമാക്കാനും നടപടികൾ ആരംഭിച്ചു.
രണ്ടാം ഡോസ് എടുത്ത് ആറു മാസം പൂർത്തിയാക്കിയ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള കാമ്പയിൻ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് ഖത്തർ നാഷനൽ ഹെൽത്ത് സ്ട്രാറ്റജി ഗ്രൂപ് അധ്യക്ഷനും ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു.
കഴിഞ്ഞയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകൾ ആശങ്കജനകമല്ല. രോഗബാധിതരിൽ ആർക്കും ആശുപത്രി വാസം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്നെത്തിയ നാലുപേർക്കായിരുന്നു കഴിഞ്ഞയാഴ്ച രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവർ, ക്വാറൻറീനിലാണുള്ളത്.അതേസമയം, ഒമിക്രോൺ ലോകത്ത് അതിവേഗം പടരുന്ന സാഹചര്യമാണെന്നും, അമേരിക്കയിൽ കോവിഡ് അണുബാധയിൽ നാലിൽ മൂന്നും ഒമിക്രോൺ വകഭേദമാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ഡോ. അൽ ഖാൽ ചൂണ്ടിക്കാട്ടി.
ഒമിക്രോണിന് പൊതുവെ 50ലധികം മ്യൂട്ടേഷനുകളാണ് കാണുന്നത്. അതിൽ 30ലധികം മ്യൂട്ടേഷനുകൾ വൈറസിെൻറ ഉപരിതലത്തിൽ സംഭവിക്കുന്നു.