ദോഹ : ഖത്തറിന്റെ ദേശീയ കോവിഡ് വാക്സിനേഷൻ ക്യാംപെയ്ൻ ഒരു വർഷം പൂർത്തിയാക്കിയപ്പോൾ ജനസംഖ്യയുടെ 86 ശതമാനം പേരും ‘വാക്സിനേറ്റഡ്’. 2020 ഡിസംബർ 23ന് ആരംഭിച്ച വാക്സിനേഷൻ ക്യാംപെയ്നിൽ ഇതുവരെ 51,49,173 വാക്സീൻ ഡോസുകൾ വിതരണം ചെയ്തു.
ജനസംഖ്യയിലെ 86 ശതമാനം പേരും വാക്സീൻ രണ്ടു ഡോസുമെടുത്തവരാണ്. ഈ വർഷം സെപ്റ്റംബറിൽ ആരംഭിച്ച ബൂസ്റ്റർ ഡോസ് പ്രോഗ്രാമിലൂടെ ഇതിനകം 2,29,590 ഡോസുകളും നൽകി കഴിഞ്ഞു. ഫൈസർ-ബയോടെക്, മൊഡേണ വാക്സീനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. സ്വദേശികൾക്കും പ്രവാസികൾക്കും വാക്സിനേഷൻ സൗജന്യമാണ്. മുൻ ഖത്തർ യൂണിവേഴ്സിറ്റി പ്രസിഡന്റായ ഡോ.അബ്ദുല്ല അൽ ഖുബൈസി എന്ന സ്വദേശി പൗരനാണ് രാജ്യത്ത് കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത്.
സർക്കാർ ഹെൽത്ത് സെന്ററുകളിൽ മാത്രമായിരുന്ന വാക്സിനേഷൻ നൽകൽ അതിവേഗത്തിലാണ് വിപുലീകരിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ വാക്സിനേഷൻ കേന്ദ്രം തുടങ്ങിയതോടെ കൂടുതൽ ജനങ്ങൾക്ക് കോവിഡ് സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞു. മാർച്ചിലും ജൂണിലുമായി ലുസെയ്ലിലും അൽ വക്രയിലും ഡ്രൈവ്-ത്രൂ വാക്സിനേഷൻ ആരംഭിച്ചത് ജനങ്ങൾക്കും സൗകര്യപ്രദമായി.
ജൂൺ 22ന് ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ രാജ്യത്തെ മാത്രമല്ല ലോകത്തിലേക്കും വെച്ചേറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നാണ് ഖത്തർ തുറന്നത്. ജനസംഖ്യയുടെ 80 ശതമാനത്തോളം പേരും രണ്ടു ഡോസ് വാക്സിനും എടുത്ത ശേഷമാണ് ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. നിലവിൽ സർക്കാർ ഹെൽത്ത് സെന്ററുകളിലാണ് കോവിഡ് വാക്സിനേഷൻ.