കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ വ്യാജ ഏറ്റുമുട്ടലുകൾ ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസ് ബുധനാഴ്ച ആശങ്ക പ്രകടിപ്പിക്കുകയും കശ്മീരി പൗരന്മാരോടുള്ള അവഗണന നിറഞ്ഞ പെരുമാറ്റത്തെ കുറിച്ച് ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് പ്രതികരണം തേടുകയും ചെയ്തു.
ബ്രിട്ടീഷ് പാർലമെന്റിലെ 28 എംപിമാർ ഇന്ത്യൻ ഹൈക്കമ്മീഷന് സംയുക്ത കത്തെഴുതി. അധിനിവേശ പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരണം തേടിയാണ് കത്ത് നൽകിയിരിക്കുന്നത്. നിരപരാധികളായ കശ്മീരികളെ ഇന്ത്യൻ സേനയുടെ കൈകളാൽ കൊലപ്പെടുത്തിയതിനെ കത്തിൽ ചോദ്യം ചെയ്യുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു.
“കൊല്ലപ്പെടുന്നവർ കൂടുതലും സാധാരണ പൗരന്മാരാണ്,” കത്തിൽ പറയുന്നു. ഇന്ത്യൻ സൈന്യം നിരായുധരായ പൗരന്മാരെ തീവ്രവാദികളെന്ന് സംശയിക്കുന്നതായും ആരോപണമുണ്ട്.
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസിനെ ഇന്ത്യൻ സൈന്യം തടവിലാക്കിയതിൽ ബ്രിട്ടീഷ് നിയമസഭാംഗങ്ങൾ ഞെട്ടൽ രേഖപ്പെടുത്തുകയും തടങ്കലിൽ വച്ചതിന് വിശദീകരണം തേടുകയും ചെയ്തു. “ഖുറം പർവേസ് ഒരു തീവ്രവാദിയല്ല, മനുഷ്യാവകാശ സംരക്ഷകനാണ്”- അംഗങ്ങൾ പറയുന്നു.
നവംബർ 22 നാണ് ദേശീയ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ പർവേസിനെ ശ്രീനഗറിൽ വെച്ച് അറസ്റ്റ് ചെയ്തത്. പർവേസിന്റെ മൊബൈൽ ഫോണും ലാപ്‌ടോപ്പും ചില പുസ്തകങ്ങളും സെൽ ഫോണും അവർ പിടിച്ചെടുത്തിരുന്നു. ഭീകരവാദത്തിന് ഫണ്ടിങ് ചെയ്‍തത് സംബന്ധിച്ച’ കേസാണ് അദ്ദേഹത്തിന് മേലുള്ളതെന്ന് എൻഐഎ പറഞ്ഞതായി അദ്ദേഹത്തിന്റെ ഭാര്യ പിന്നീട് മാധ്യമപ്രവർത്തകരെ അറിയിച്ചു.
42 കാരനായ പർവേസ്, തർക്ക പ്രദേശത്തെ പരക്കെ ബഹുമാനിക്കപ്പെടുന്ന മനുഷ്യാവകാശ ഗ്രൂപ്പായ ജമ്മു കശ്മീർ കോലിഷൻ ഓഫ് സിവിൽ സൊസൈറ്റിയുടെ പ്രോഗ്രാം കോർഡിനേറ്ററും അഫാദിന്റെ (Asian Federation Against Involuntary Disappearances – AFAD). ചെയർപേഴ്‌സണുമാണ്.
അധിനിവേശ പ്രദേശത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2500-ലധികം നിരപരാധികൾ തടവിലാക്കപ്പെട്ടതായും ബ്രിട്ടീഷ് എംപിമാർ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന് (യുഎപിഎ) കീഴിൽ നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ യുഎപിഎ പ്രകാരം വിചാരണ പോലും നടത്താതെ തടവിലാക്കിയിരിക്കുകയാണ്. വിചാരണ നടത്തിയാൽ മാത്രമേ ഇവർക്ക് സത്യാവസ്ഥ ബോധ്യപ്പെടുത്തി പുറത്തിറങ്ങാൻ സാധിക്കൂ. വിചാരണ നടന്നാൽ മിക്കവരെയും കോടതി വെറുതെ വിടാൻ സാധ്യതയുള്ളതിനാലാണ് ഇവരെ തടവിൽ പാർപ്പിച്ചിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.
ഇതിനിടെ, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണറുടെ (UN OHCHR) ഓഫീസ് ഡിസംബർ 22 ബുധനാഴ്ച ഒരു പ്രസ്താവന ഇറക്കി. അതിൽ ഖുറം പർവേസിന്റെ അറസ്റ്റ് മനുഷ്യാവകാശ സംരക്ഷകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിയമപരമായ പ്രവർത്തനങ്ങൾക്കുള്ള പ്രതികാരത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീരിൽ നടന്ന നിർബന്ധിത തിരോധാനങ്ങളും നിയമവിരുദ്ധമായ കൊലപാതകങ്ങളും ഉൾപ്പെടെയുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്താൻ പർവേസ് വിപുലമായി പ്രവർത്തിച്ചിട്ടുണ്ട്. കാശ്മീർ താഴ്‌വരയിൽ നടന്ന നിരവധി മനുഷ്യാവകാശ പ്രവർത്തനങ്ങൾ ഉൾപ്പെടെ കണ്ടെത്തി അദ്ദേഹം ഐകരാഷ്ട്ര സഭയ്ക്ക് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനാൽ തന്നെ പർവേസ് നിരവധി പ്രതികാര സംഭവങ്ങൾക്ക് ഇരയായിട്ടുണ്ട് എന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷർ തന്നെ പറയുന്നു.
ഇന്ത്യൻ സർക്കാർ ഭരിക്കുന്ന ജമ്മു കശ്മീരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സിവിൽ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മനുഷ്യാവകാശ സംരക്ഷകരുടെയും മൗലിക സ്വാതന്ത്ര്യങ്ങളെ നിയന്ത്രിക്കാൻ സർക്കാർ യുഎപിഎ നിർബന്ധിത മാർഗമായി ഉപയോഗിക്കുന്നത് തുടരുന്നതിൽ തങ്ങൾ ഖേദിക്കുന്നതായി യുഎൻ അറിയിച്ചു. ഒപ്പം, ജയിലിലുള്ള ഖുറം പർവേസിനെ അടിയന്തിരമായി മോചിപ്പിക്കാൻ ഇന്ത്യൻ അധികാരികളോട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് ആവശ്യപ്പെട്ടു.