ദോഹ :കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കാനുള്ള നടപടി ഉടൻ. കോവിഡ് വാക്സീൻ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിലധികമായവർക്കുള്ള ബൂസ്റ്റർ ഡോസ് വിതരണം കൂടുതൽ സമഗ്രമാക്കാനുള്ള നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് ദേശീയ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ ഡോ.അബ്ദുൽ ലത്തീഫ് അൽഖാൽ പറഞ്ഞു.
രാജ്യത്തിന്റെ കോവിഡ് സാഹചര്യങ്ങളും വാക്സിനേഷൻ പുരോഗതികളും സംബന്ധിച്ച് ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിലായിരുന്നു വിശദീകരണം. വരും ആഴ്ചകൾ രാജ്യത്തിന് പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ പൊതുജനങ്ങൾ അടഞ്ഞ പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുകയും മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കുകയും വേണം. അർഹരായവർ ബൂസ്റ്റർ ഡോസെടുക്കണമെന്നും ഡോ.അൽഖാൽ നിർദേശിച്ചു.
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച നാലു പേരും ക്വാറന്റീനിലാണ്. ഇതുവരെ ആരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സീൻ രണ്ടാമത്തെ ഡോസെടുത്ത് 4-6 മാസത്തിന് ശേഷം ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്കെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി ഗണ്യമായി കുറയും. – ഡോ.അൽഖാൽ വ്യക്തമാക്കി.