ദുബായ് : സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ. നിയമവകുപ്പ്. ക്രിപ്റ്റോകറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട ഓൺലൈൻ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് അഞ്ചുവർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയും ചുമത്തും. ഓൺലൈൻ സാമ്പത്തിക ചൂഷണങ്ങളിൽനിന്ന് പൊതുജനങ്ങൾക്ക് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമം കർശനമാക്കുന്നത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഒരുമാസം മുമ്പ് പുറപ്പെടുവിച്ച നിയമപരിഷ്കാരത്തിന്റെ പരിധിയിൽപ്പെടുന്നതാണ് ഇത്.
യു.എ.ഇ.യിൽ അംഗീകൃതമല്ലാത്ത ക്രിപ്റ്റോ കറൻസി പദ്ധതികളുടെ പരസ്യങ്ങൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തി നീക്കംചെയ്യുന്നതിനും നിയമം വിപുലീകരിച്ചിട്ടുണ്ട്. ഉത്പന്നങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്യമോ അല്ലാത്ത വിവരങ്ങൾ പരസ്യം ചെയ്യുന്നത് ഫെഡറൽ നിയമം ആർട്ടിക്കിൾ 48 പ്രകാരം 20,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴ ലഭിക്കുന്ന കുറ്റകൃത്യമാണ്. യു.എ.ഇ. സർക്കാരിന്റെ അനുമതിയില്ലാതെ ക്രിപ്റ്റോകറൻസി ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇതേ നിയമം ബാധകമാണ്. ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള അനുവാദമില്ലാതെ ഇലക്‌ട്രോണിക് കറൻസിയുടെയോ വ്യാജ കമ്പനിയുടെയോ ഇടപാടുകൾക്ക് പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാൽ അഞ്ചുവർഷം തടവും രണ്ടരലക്ഷം മുതൽ പത്തുലക്ഷം ദിർഹം വരെ പിഴയും ചുമത്തും. വ്യാജ ഇ-മെയിലോ വെബ്സൈറ്റോ നിർമിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർക്ക് തടവോ 50,000 മുതൽ 2,00,000 ദിർഹം വരെ പിഴയോ ശിക്ഷ ചുമത്തും.
വ്യാജ അക്കൗണ്ട് നിർമിച്ച് വ്യക്തിഹത്യ നടത്തുന്നത് രണ്ടുവർഷം തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്. വ്യാജവാർത്തകൾ ഇലക്‌ട്രോണിക് ഷെയറിങ് സംവിധാനങ്ങളിലൂടെ കൂടുതൽപ്പേരിലേക്ക് എത്തിക്കുന്നത് രണ്ടുവർഷം വരെ തടവോ ഒരുലക്ഷം ദിർഹം മുതൽ പത്തുലക്ഷം ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് യു.എ.ഇ. നിയമം വ്യക്തമാക്കുന്നു.