ദുബായ് : നാരങ്ങയുടെ മാതൃകയിലുള്ള അച്ചിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 5.8 കോടി ദിർഹത്തിന്റെ ലഹരിമരുന്ന് (ക്യാപ്റ്റഗൺ ഗുളികകൾ) ദുബായ് പോലീസ് പിടിച്ചെടുത്തു. നാല് അറബ് വംശജരും അറസ്റ്റിലായി. ദുബായ് പോലീസ് ലഹരിവിരുദ്ധ സേനയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ലഹരിമരുന്ന് കടത്തൽ ശ്രമം പരാജപ്പെടുത്തിയത്. നാരങ്ങയുടെ മാതൃകയിൽ അച്ചുകളുണ്ടാക്കി അതിനുള്ളിൽ പ്ലാസ്റ്റിക്ക് കവറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഗുളികകൾ. ഇത് ഫ്രിഡ്ജിനുള്ളിൽ അടുക്കിവെച്ച് നാരങ്ങയാണെന്ന വ്യാജേന കടത്താനുള്ള ശ്രമമായിരുന്നു. സംഘത്തെ നിയമത്തിനുമുമ്പിലെത്തിക്കാൻ സേനനടത്തിയ ശ്രമങ്ങളെ ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി അഭിനന്ദിച്ചു.
ദുബായ് പോലീസ് കസ്റ്റംസ് വകുപ്പുമായി ചേർന്ന് ലഹരിക്കടത്ത് തടയാൻ സമഗ്രസംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അസി.ചീഫ് കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം പഴം പച്ചക്കറി കണ്ടെയ്നറിൽ ദുബായിലേക്ക് ലഹരിഗുളികകൾ കടത്താനുള്ള പദ്ധതിയുള്ളതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ പരിശോധനകളും ഊർജിതമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ദുബായിലേക്ക് കൊണ്ടുവരുന്ന എല്ലാ കണ്ടെയ്നറുകളും വിശദപരിശോധനകൾക്ക് വിധേയമാക്കി. സംശയംതോന്നിയ എല്ലാം തുറന്നുപരിശോധിച്ചു. ഒടുവിൽ പ്രസ്തുത കണ്ടെയ്നർ ഏറ്റുവാങ്ങാനെത്തിയ വ്യക്തിയെ രഹസ്യമായി പിന്തുടർന്നാണ് മറ്റ് മൂന്നുപേരിലേക്കുമെത്തുന്നത്. 3840 പെട്ടികളിൽ നാരങ്ങയുണ്ടായിരുന്നു. ഇതിൽ 66 എണ്ണത്തിലായിരുന്നു ലഹരിഗുളികൾ ഒളിപ്പിച്ചിരുന്നത്. സമൂഹത്തിന് വെല്ലുവിളിയുയർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടക്കത്തിൽതന്നെ മനസ്സിലാക്കി നടപടികൾ കൈക്കൊള്ളുന്നതിലൂടെ സുരക്ഷയുറപ്പാക്കാൻ കഴിയുന്നതായി ലഹരിവിരുദ്ധസേന ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഈദ് മുഹമ്മദ് ഹാരിബ് പറഞ്ഞു.