ദോഹ: 2022 ജനുവരി 1 മുതൽ ലുസെയ്ൽ സിറ്റിയിൽ ട്രാമുകൾ സർവീസ് തുടങ്ങും.ലുസെയ്ൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടത്തിനാണ് ജനുവരിയിൽ തുടക്കമാകുന്നതെന്നു ഗതാഗത മന്ത്രാലയമാണു പ്രഖ്യാപിച്ചത്. 6 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഓറഞ്ച് ലൈൻ ആണ് ആദ്യ ഘട്ടത്തിൽ പൊതുജനങ്ങൾക്കായി സർവീസ് തുടങ്ങുന്നത്. മറീന, മറീന പ്രൊമെനേഡ്, യാട്ട് ക്ലബ്, എസ്പ്ലനേഡ്, എനർജി സിറ്റി സൗത്ത്, ലഗ്താഫിയ എന്നിവയാണ് ഓറഞ്ച് ലൈനിലെ സ്റ്റേഷനുകൾ. ദോഹ മെട്രോ സ്റ്റേഷൻ കൂടി ഉൾപ്പെടുന്നതാണു ലെഗ്താഫിയ. ആഴ്ചയിൽ 7 ദിവസവും ട്രാമുകൾ സർവീസ് നടത്തും. 5 മിനിറ്റിന്റെ ഇടവേളകളിലാണു സർവീസ്.
പൂർണതോതിൽ ട്രാമുകൾ പ്രവർത്തനം തുടങ്ങുമ്പോൾ ലുസെയ്ൽ സിറ്റിയിലുടനീളം ട്രാമിന്റെ സേവനം ലഭിക്കും. ദോഹ മെട്രോ സ്റ്റേഷനുകളായ ലെഗ്താഫിയ, ലുസെയ്ൽ എന്നിവയുമായി ബന്ധപ്പെടുത്തിയാകും ട്രാമുകളുടെ സഞ്ചാരം. സമഗ്രവും സുസ്ഥിരവുമായ പൊതുട്രാൻസിറ്റ് സംവിധാനം ലക്ഷ്യമിട്ടുള്ള നയങ്ങളുടെ ഭാഗമായാണു ട്രാം സർവീസുകൾ. പരിസ്ഥിതി സൗഹൃദവും കാർബൺ നിഷ്പക്ഷവുമായ 2022 ഫിഫ ഖത്തർ ലോകകപ്പിനെ പിന്തുണയ്ക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്.