ദുബായ് : ക്രിസ്മസ് അടുത്തെത്തിയതോടെ വീടുകളും വിപണിയും ആഘോഷ നിറവിൽ. കാരൾ ഗാന ഈണങ്ങളും പള്ളി മണികളുടെ പ്രാർഥനകളും പ്രതീക്ഷകളേകുന്ന മനസ്സുമായി വിശ്വാസികൾ ഒരുക്കങ്ങളുടെ അന്തിമഘട്ടത്തിലേക്കു കടന്നു.
ഇന്നു പൊതു അവധിയായതിനാൽ ഇന്നലെ വൈകിട്ടു മുതൽ മാളുകളിലും കച്ചവടസ്ഥാപനങ്ങളിലും വൻ തിരക്കനുഭവപ്പെടുന്നു. നാളെ പ്രവൃത്തി ദിവസമാണെങ്കിലും മലയാളികളിൽ പലരും നേരത്തേ അവധിയുറപ്പാക്കി. പുതുവർഷപ്പിറവി വരെ ഇനി ‘നോൺസ്റ്റോപ്’ ആഘോഷം. കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് പലരും നാട്ടിൽ പോകുന്നില്ല. പ്രായമായ മാതാപിതാക്കളെ കൊണ്ടുവരുന്ന പതിവും ഒഴിവാക്കി.
വീടുകളും ഷോപ്പിങ് മാളുകളും ആരാധനാലയങ്ങളും ബഹുവർണ നക്ഷത്രങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും പ്രഭയിൽ. വീടുകളിൽ ദിവസങ്ങൾക്കു മുൻപേ ക്രിസ്മസ് ട്രീ, നക്ഷത്രങ്ങൾ, പുൽക്കൂട് എന്നിവ ഒരുങ്ങി. പള്ളികളിൽ ഇന്നു പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ ഉണ്ടാകും.
എക്സ്പോ വേദികളിലും ക്രിസ്മസ് ആഘോഷം തുടങ്ങി. ഇന്ത്യയടക്കമുള്ള പവലിയനുകളിലും കലാ-സാംസ്കാരിക പരിപാടികളുണ്ട്. പ്രധാന വേദികളിൽ അടുത്തമാസം 8 വരെ നടക്കുന്ന ക്രിസ്മസ്-ന്യൂഇയർ കിഡ്സ് വിന്റർ ഫെസ്റ്റിവലിൽ നൃത്തം, സംഗീതം, കരകൗശലമേള, മാജിക്, പെയിന്റിങ്, സാഹസിക വിനോദങ്ങൾ എന്നിവയുണ്ടാകും. ബർദുബായ്, കരാമ, സത്വ, ദെയ്റ, ജുമൈറ മേഖലകളിൽ ക്രിസ്മസിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണു നടന്നുവരുന്നത്.