ലോകം മുഴുവൻ കുതിച്ചെത്തുന്ന എക്സ്പോയിലേക്ക് സെലിബ്രിറ്റികളുടെയും ഒഴുക്കാണ്. മേള തുടങ്ങി മൂന്ന് മാസം തികയുന്നതിന് മുൻപേ ഒരുപിടി ലോകോത്തര സെലിബ്രിറ്റികളാണ് എക്സ്പോയിലെത്തിയത്. പാട്ടുപാടിയും നൃത്തം ചെയ്തും ട്രാക്കിലിറങ്ങിയും ക്ലാസെടുത്തും പരിശീലനം നൽകിയും ചാരിറ്ററിയിലേർപെട്ടും അവർ എക്സ്പോയുടെ ഖ്യാതി ലോകത്തേക്ക് മുഴുവൻ വ്യാപിപ്പിച്ചു. വി.ഐ.പികളിൽ മുൻപിൽ നിൽക്കുന്നത് ഉസൈൻ ബോൾട്ടാണ്.
എക്സ്പോയിലെ സ്പോർട്സ്, ഫിറ്റ്നസ് ആൻഡ് വെൽബീയിങ് ഹബിലെത്തിയ ബോൾട്ട് അൽ നൂർ റിഹാബിലിറ്റേഷൻ ആൻഡ് വെൽഫെയർ അസോസിയേഷന് വേണ്ടി നിശ്ചയദാർഡ്യ വിഭാഗക്കാർക്കുള്ള ചാരിറ്റിയിലും പങ്കെടുത്തു. ഇതിനായി 1.45 കിലോമീറ്റർ ഫാമിലി റണിലും ഓടിയ ശേഷമാണ് ബോൾട്ട് മടങ്ങിയത്. ലയണൽ മെസിയുടെ വരവ് അപ്രതീക്ഷിതമായിരുന്നു. ആർക്കും മുൻകൂട്ടി വിവരം ലഭിക്കാത്തതിനാൽ പലരും നിരാശ പൂണ്ടു. ആ സമയത്ത് എക്സ്പോയിലുണ്ടായിരുന്നവരിൽ ചിലർക്ക് സൂപ്പർ താരത്തിനൊപ്പം സെൽഫിയെടുക്കാൻ കഴിഞ്ഞു. അർജൻറീനയുടെയും യു.എ.ഇയുടെയും പവലിയൻ സന്ദർശിച്ചാണ് താരം മടങ്ങിയത്. എക്സ്പോയുടെ ബ്രാൻഡ് അംബാസിഡറുമാണ് മെസി. രാഷ്ട്ര നേതാക്കളിൽ ഏറ്റവും പ്രധാന സന്ദർശനം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ വരവായിരുന്നു. ഗൾഫ് സന്ദർശനത്തിനിടെ ഒമാനിൽ നിന്ന് നേരിട്ട് യു.എ.ഇയിലെത്തിയ സൽമാനെ സൗദി പവലിയൻ ശരിക്കും അതിശയിപ്പിച്ചു.
എക്സ്പോയിലെ ഏറ്റവും ആകർഷകമായ പവലിയനുകളിൽ ഒന്നാണ് സൗദി. ഇതിന് മുൻപ് മൊണാക്കോ രാജകുമാരൻ ആൽബർട്ട് രണ്ടാമനും എത്തിയിരുന്നു. മൊണാക്കോ ദേശീയ ദിനത്തിെൻറ ഭാഗമായിരുന്നു സന്ദർശനം. എക്സ്പോയിൽ ഇടക്കിടെ സന്ദർശനം നടത്തുന്നുണ്ടെങ്കിലും എത്ര കണ്ടാലും കേട്ടാലും മതിവരാത്ത വി.വി.ഐ.പിയാണ് എ.ആർ. റഹ്മാൻ. അദ്ദേഹത്തിെൻറ നേതൃത്വത്തിലെ ഫിർദൗസ് ഓർകസ്ട്രയുടെ വിവിധ പരിപാടികൾ എക്സ്പോയിൽ അരങ്ങേറാറുണ്ട്. ഇന്ത്യൻ പവലിയന് തൊട്ടടുത്തായി ഫിർദൗസ് ഓർക്കസ്ട്രക്ക് പ്രത്യേക പവലിയനുമുണ്ട്. മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോള എക്സ്പോയിലെത്തി കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കോച്ച് എന്നറിയപ്പെടുന്ന പെപ്പുമായുള്ള കൂടിക്കാഴ്ച കുട്ടികൾക്ക് പറഞ്ഞാൽ തീരാത്ത ഹരം പകർന്നു. യു.കെ, യു.എ.ഇ പവലിയനുകളിലും പെപ് എത്തി. ഇന്ത്യയിൽ നിന്നുള്ള പ്രമുഖ സെലിബ്രിറ്റികളിൽ ഒരാളായാണ് ദീപിക പദുക്കോൺ എത്തിയത്. യു.എ.ഇ പവലിയൻ സന്ദർശിക്കുന്ന ചിത്രങ്ങൾ എക്സ്പോ പോസ്റ്റ് ചെയ്തിരുന്നു.